ന്യൂഡല്‍ഹി: കോവിഡിന്റെയും നീണ്ടകാലത്തെ ലോക്ക്ഡൗണിന്റെയും സാമ്പത്തിക മുരടിപ്പിന്റെയും നടുവിലും പ്രധാനമന്ത്രിയുടെ രാജകീയ യാത്രയ്ക്കായി 8,400 കോടി രൂപ ചെലവില്‍ പുതിയ ബോയിംഗ് ബി 777 വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി.
അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ മാതൃകയില്‍ അത്യന്താധുനിക സൗകര്യങ്ങളും ഇന്‍ഫ്രാറെഡ് മിസൈലുകളെയും ചെറുക്കുന്ന സുരക്ഷാസജ്ജീകരണങ്ങളോടും കൂടിയ രണ്ടു പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങളിലെ ആദ്യത്തേതാണ് എത്തിയത്.
പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശയാത്രകള്‍ക്കായാണ് ആഢംബരങ്ങളോടെ നവീകരിച്ച പുതിയ വിമാനം. എയര്‍ ഇന്ത്യ വണ്‍ എന്നാണു വിവിഐപി വിമാനത്തിന്റെ പേര്.
വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാരായിരിക്കും പുതിയ വിമാനം പറത്തുക. എയര്‍ ഇന്ത്യയുടെ പൈലറ്റുമാരായിരുന്നു ഇതുവരെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലെ വൈമാനികര്‍.
വിവിഐപികള്‍ക്കു വിദേശയാത്ര ഇല്ലാത്തപ്പോള്‍ എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ അമേരിക്കയിലേക്കും മറ്റും വാണിജ്യയാത്രകള്ക്കും എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. എന്നാല്‍ പുതിയ ബോയിംഗ് 777 വിമാനം ഇനി വിവിഐപികളുടെ മാത്രം ഉപയോഗത്തിനായി നീക്കിവയ്ക്കും.
അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ ഫോഴ്സ്വണ് വിമാനത്തോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലുള്ളത്.
ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷര്‍, മിസൈല്‍ വേധ പ്രതിരോധ സംവിധാനം സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ് തുടങ്ങിയവയെല്ലാം പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്കു മാത്രമായുള്ള രണ്ടു വിമാനങ്ങളിലും ഉണ്ട്.
വിദേശയാത്രകളില്‍ റിക്കാര്‍ഡിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡിനെ തുടര്‍ന്ന് ആറു മാസമായി ഇന്ത്യ വിട്ടു പോകാനായിരുന്നില്ല.
2015നു ശേഷം പ്രധാനമന്ത്രി മോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കഴിഞ്ഞ മാസം രാജ്യസഭയെ രേഖാമൂലം അറിയിച്ചിരുന്നു.
അമേരിക്കയിലെ ടെക്സസില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണു ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ബോയിംഗ് 777 വിമാനം പറന്നിറങ്ങിയത്. റിസര്‍വ് ആയി ഉപയോഗിക്കുന്ന ഇതേപോലെയുള്ള രണ്ടാമത്തെ വിവിഐപി വിമാനം പിന്നീടെത്തും.
2018ല്‍ വാങ്ങിയ പുതിയ രണ്ടു ബോയിംഗ് 777 വിമാനങ്ങളും കുറച്ചുകാലം എയര്‍ ഇന്ത്യയുടെ വാണിജ്യസര്വീസായി പരീക്ഷിച്ചശേഷമാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ എയര്‍ ഫോഴ്സ് വണ്‍ രീതിയില്‍ നവീകരിക്കാനായി അമേരിക്കയിലേക്ക് അയച്ചത്.
ജോര്‍ജ് കള്ളിവയലില്‍