സെബി മാത്യു
ന്യൂഡൽഹി: തലസ്ഥാന അതിർത്തികളിൽ കർഷക പ്രക്ഷോഭത്തിലേക്ക് ആയിരങ്ങൾ അണിചേരുന്നതിനിടെ വിവാദ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്കു തയാറാണെന്നു കൈകൾകൂപ്പി അഭ്യർഥിക്കുകയാണെന്നാണു മോദി ഇന്നലെ പറഞ്ഞത്.
മധ്യപ്രദേശിൽനിന്നുള്ള കർഷകരുമായി വീഡിയോ കോണ്ഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിയമങ്ങൾ നടപ്പാകുന്നതോടെ താങ്ങുവില സംവിധാനം അവസാനിക്കും എന്നത് ഏറ്റവും വലിയ നുണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ, മഹാരാഷ്ട്രയിൽ നിന്ന് മൂവായിരത്തോളം വരുന്ന കർഷകർ ഡിസംബർ 21ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. പതിവ് പോലെ മോദി ഇന്നലെയും കർഷകരോട് കള്ളം പറഞ്ഞുവെന്നും കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പൊതു താത്പര്യം പരിഗണിച്ച് സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷകരുമായി ചർച്ചയ്ക്കു തയാറാകണമെന്ന് ആയിരക്കണക്കിന് കർഷകരുമായി കഴിഞ്ഞ ദിവസം സിംഗുവിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത് ആവശ്യപ്പെട്ടു.
നരേഷിന്റെ സഹോദരനും ബികെയു ദേശീയ വക്താവുമായ രാകേഷ് ടികായത് സമരത്തിന്റെ തുടക്കം മുതൽ സിംഗു അതിർത്തിയിൽ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ട്.
നിഷ്കളങ്കരായ കർഷകരെ രാഷ്ട്രീയ പാർട്ടികൾ കളിപ്പാവകളാക്കി മാറ്റുകയാണെന്നു കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആരോപിച്ചു. ലഡാക്കിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സൈനികർക്കുള്ള സാമഗ്രികളുമായി പോകുന്ന ട്രെയിൻ തടയുന്നവർ യഥാർഥ കർഷകരല്ല.
കർഷകർക്ക് എഴുതിയ എട്ടു പേജുള്ള തുറന്ന കത്തിൽ അതിർത്തിയിലെ സൈനികരെ ചൂണ്ടിക്കാട്ടി രാജ്യസ്നേഹം ഉണർത്തി കർഷക വികാരത്തിന് തടയിടാനുള്ള ശ്രമമാണ് തോമർ നടത്തിയത്.
കർഷക സമരത്തെ എങ്ങനെയും ഒതുക്കിത്തീർക്കാൻ ബിജെപി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് മോദി മധ്യപ്രദേശിൽനിന്നുള്ള കർഷകരുമായി സംസാരിച്ചത്. നിയമങ്ങൾ ഒറ്റ രാത്രികൊണ്ടു കൊണ്ടുവന്നതല്ല.
22 വർഷമായി ഓരോ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇതേക്കുറിച്ചു വിശദമായി ചർച്ച ചെയ്യുന്നുണ്ട്.നിയമങ്ങളെ എതിർക്കുന്ന പാർട്ടികൾ അവരുടെ തെരഞ്ഞെടുപ്പു പത്രികകളിൽ ഇക്കാര്യം വാഗ്ദാനം നൽകിയിരുന്നതാണെന്നും മോദി പറഞ്ഞു.
ഇടനിലക്കാരില്ലാതെയാണു കർഷകരുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ 1600 കോടി രൂപ നേരിട്ടു നിക്ഷേപിച്ചത്. കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ മികച്ച ശീതീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയത് ഈ സർക്കാരാണ്.
എട്ടു വർഷക്കാലത്തോളം സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വിസമ്മതിച്ചവരാണ് പ്രതിപക്ഷ പാർട്ടികളെന്നും മോദി കുറ്റപ്പെടുത്തി.