ന്യൂഡൽഹി: സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്ന വാർത്തകൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ടുകൾ ഉപേക്ഷിക്കില്ലെന്ന് അറിയിച്ച പ്രധാനമന്ത്രി മാർച്ച് എട്ടിന് വനിതകള്കളായിരിക്കും തന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയെന്ന് അറിയിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലക്ഷകണക്കിന് സ്ത്രീകൾക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മറ്റുള്ളവർക്ക് പ്രചോദമാകുന്ന തരത്തിലുള്ള വീഡിയോകൾ “ഷീ ഇൻസ്പയർ അസ്’ എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചത്.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററിൽ 53.3 ദശലക്ഷം, ഫേസ്ബുക്കിൽ 44 ദശലക്ഷം, ഇൻസ്റ്റഗ്രാമിൽ 35.2 ദശലക്ഷം, യൂട്യൂബിൽ 4.5 ദശലക്ഷം എന്നിങ്ങനെയാണ് മോദിയെ പിന്തുടരുന്ന ആളുകളുടെ എണ്ണം.