സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015നു ശേഷം 58 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അതിനായി 517 കോടി രൂപ ചെലവായിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ.
രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നവംബറിലാണ് നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്. ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്കായിരുന്നു ആ യാത്ര.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ അഞ്ച് തവണ സന്ദർശിച്ചു. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിൽ പലതവണ സന്ദർശനം നടത്തി.
ജൂണ്‍ 2014നു ശേഷം നടത്തിയ വിദേശയാത്രകൾക്ക് 2000 കോടി രൂപയിലേറെ ചെലവായെന്നായിരുന്നു 2018 ഡിസംബറിൽ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്.
ചാർട്ടേർഡ് വിമാനങ്ങൾ, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഹോട്ട്ലൈൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയായിരുന്നു അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് കണക്ക് വെളിപ്പെടുത്തിയിരുന്നത്.