സ്വന്തം ലേഖകൻ
ന്യൂഡൽഹി: വലയ സൂര്യഗ്രഹണം കാണാൻ തയാറെടുക്കുന്ന തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കുറിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധേയ മറുപടി. ഗപ്പിസ്റ്റൻ റേഡിയോ എന്ന ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തിനാണ് മോദിയുടെ ശ്രദ്ധേയ മറുപടി.
കൂളിംഗ് ഗ്ലാസ് അണിഞ്ഞ് സൂര്യഗ്രഹണം കാണാനായി ആകാശത്തേക്ക് നോക്കുന്നതാണ് ചിത്രത്തിൽ. വലയ സൂര്യഗ്രഹണം വീക്ഷിച്ച കാര്യം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിലെ ഒരു ചിത്രം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഉപയോക്താവ് കുറിപ്പിട്ടത്.
” ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രോളായി പ്രചരിക്കും’ എന്നായിരുന്നു കുറിപ്പ്. ഇതിനുള്ള മറുപടിയായി മോദി അന്പരപ്പിക്കുന്ന ഉത്തരമാണ് നൽകിയത്. “സ്വാഗതം ചെയ്യുന്നു… ആസ്വദിക്കു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അനേകം ഇന്ത്യക്കാരെ പോലെ താനും വലയ സൂര്യഗ്രഹണത്തെക്കുറിച്ച് ആവേശഭരിതനായിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു. ദൗർഭാഗ്യവശാൽ, മേഘങ്ങൾ മൂടിയിരുന്നതു കാരണം തനിക്ക് സൂര്യനെ കാണാൻ സാധിച്ചില്ല.
എന്നാൽ, സൂര്യ ഗ്രഹണത്തിന്റെ അൽപനേരത്തെ ദൃശ്യങ്ങൾ കോഴിക്കോട്ടു നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും തത്സമയ സംപ്രേഷണത്തിലൂടെ കാണാനായി. മാത്രമല്ല, വിദഗ്ധരുമായുള്ള ആശയ വിനിമയത്തിലൂടെ വിഷയത്തെ കുറിച്ചുള്ള അറിവ് വർധിപ്പിക്കാനായെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.