ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു.
അതേസമയം അധികം വൈകാതെ അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിച്ചു. ഹാക്കർമാരുടെ വ്യാജ ട്വീറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. മോദിയുടെ ഈ വെരിഫൈഡ് അക്കൗണ്ടിന് 25 ലക്ഷം ഫോളോവേഴ്സുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റർ ഇന്ത്യ സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോൾ അറിയില്ലെന്നും ട്വിറ്റർ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.