സ്വന്തംലേഖകന്‍
കോഴിക്കോട് : പരസ്യപ്രചാരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പേ ബിജെപിക്ക് ആവേശം പകർന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ശബരിമല ഉന്നയിച്ചു മോദി എത്തിയതോടെ എന്‍ഡിഎ ഹൈവോള്ട്ടേജുമായി പ്രചാരണരംഗത്തു നിറഞ്ഞു .
ദേശീയ നേതാക്കൾ വന്നതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. മോദിയുടെ പ്രസംഗത്തിനു പിന്നാലെ ഗൃഹസമ്പര്‍ക്കത്തിലൂടെയും മറ്റും ശബരിമല വിഷയം ജനങ്ങള്‍ക്കിടയിലേക്കു വീണ്ടും ചര്‍ച്ചയാക്കി പരമാവധി വോട്ട് നേടാന്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കു നിര്‍ദേശം നല്കി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്കു ഗണം നൽകാതിരുന്ന വിഷയം വീണ്ടും കൊണ്ടുവരുന്നതിൽ അപകാതയുണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
ഇതിനിടെ,മോദിയുടെ ശരണം വിളിക്കെതിരേ സിപിഎമ്മും രംഗത്തെത്തി.
രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്ന്നുവന്ന മതസൗഹാർദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്നതാണ് മോദിയുടെ പ്രസംഗമെന്നു പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു.
മോദിയുടെ റാലി നടന്ന സ്ഥലങ്ങളിലെല്ലാം മൂന്നുമുതല്‍ നാലു ശതമാനം വരെ വോട്ട് വര്‍ധിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ദേശീയ നേതാക്കള്‍ പ്രചാരണത്തിനു നേതൃത്വം നല്കിയതുള്പ്പെടെയുള്ള ഘടകങ്ങളാല്‍ കൂടുതൽ സീറ്റുകള്‍ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
ഓരോ ആഴ്ചയും പ്രത്യേകം സര്‍വേകള്‍ നടത്തുന്നുണ്ട്. രണ്ടു തവണയാണ് മോദി കേരളത്തില്‍ പ്രചാരണത്തിനായി എത്തിയത്.
പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറ, പൊന്‍കുന്നം, കഞ്ചിക്കോട്, ചാത്തന്നൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രചാരണത്തിനെത്തിയത്.
ധര്‍മടം, തൊടുപുഴ, നേമം, ആറ്റിങ്ങല്‍, ചവറ എന്നിവിടങ്ങളില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പ്രചാരണരംഗത്തു സജീവമായുണ്ടായിരുന്നു.
ഇതിനുപുറമേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോഴിക്കോട്ടെ പ്രചാരണത്തിനായി എത്തി. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനെത്തിയത് ഏറെ സ്വാധീനമുണ്ടാക്കിയതായും സംസ്ഥാന നേതൃത്വം കരുതുന്നു.