മോസ്കോ: കിരീടം നേടുന്ന ടീമിന് അധികം ലഭിച്ചിട്ടില്ലാത്ത ഗോൾഡൻ ബോൾ നേട്ടം..! ക്രൊയേഷ്യ പ്രാർഥിച്ചത് ഈ നേട്ടം ലഭിക്കരുതെന്നായിരുന്നു. പക്ഷേ, റഷ്യയും പതിവ് തെറ്റിച്ചില്ല, ലുഷ്നിക്കി സ്റ്റേഡിയത്തിൽ റഷ്യൻ കാർണിവലിനു തിരശീല വീഴുന്പോൾ ലോകകപ്പിലെ മികച്ച കളിക്കാരനു ലഭിക്കുന്ന സ്വർണപ്പന്ത് പോകുന്നത് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിന്റെ ഷോക്കേസിലേക്ക്.
ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് നായകനും മധ്യനിരയിൽ കളി മെനയുന്നയാളുമായ ലൂക്ക മോഡ്രിച്ചായിരുന്നു. ഈ ടൂർണമെന്റ് മോഡ്രിച്ചിന് മികച്ചതായിരുന്നു. രണ്ടു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും മികച്ച മിഡ്ഫീല്ഡ് ജനറലാണ് മോഡ്രിച്ച്.
ഫ്രാൻസിന്റെ ആൻത്വാൻ ഗ്രീസ്മാനാണ് മോഡ്രിച്ചിനു നേട്ടത്തിൽ ഭീഷണി ഉയർത്തിയിരുന്നത്. സെറ്റ്പീസുകളിലെ വൈദഗ്ധ്യമായിരുന്നു ഗ്രീസ്മാന്റെ മാസ്റ്റർപീസ്. ഫൈനലിലെ ആദ്യ രണ്ടു ഗോളുകളിൽ പങ്ക് നേടി ഗ്രീസ്മാൻ സ്വർണപ്പന്ത് പ്രതീക്ഷ ഉയർത്തുകയും ചെയ്തു. എന്നാൽ ഫിഫ ആകെ കണക്കെടുത്തപ്പോൾ മോഡ്രിച്ച് ഇരുന്ന തട്ട് തുലോം താഴ്ന്നുതന്നെയിരുന്നു.
ബ്രസീൽ ലോകകപ്പിൽ അർജന്റൈൻ നായകൻ ലയണൽ മെസി നേരിട്ട അതേവിധി തന്നെയാണു ക്രൊയേഷ്യൻ നായകനും വിധിക്കപ്പെട്ടത്. റൊമാരിയോ സ്വർണ പന്ത് നേടിയ 1994ൽ ബ്രസീൽ ജേതാക്കളായിരുന്നു. എന്നാൽ ഫ്രാൻസ് ലോകകപ്പ് മുതൽ വിജയികളായ ടീമിലെ താരത്തിന് ഗോൾഡൻ ബോൾ ലഭിച്ചിട്ടില്ല. റഷ്യയിൽ സ്വർണപ്പന്ത് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന മോഡ്രിച്ചിനും ഈ ഗതികേടുണ്ടാവുമോ എന്ന പേടിയിലായിരുന്നു ക്രോട്ടുകൾ. ഒടുവിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിക്കുകയും ചെയ്തു.
കയ്യടികൾക്കിടയിലൂടെ തലതാഴ്ത്തി മടങ്ങിയവരുടെ പേരുകൾ ഇതിഹാസങ്ങൾക്കൊപ്പം എഴുതപ്പെട്ടതാണ് എന്നതു മാത്രമാണ് മോഡ്രിച്ചിനെ ആശ്വസിപ്പിക്കുന്നത്. റൊണാൾഡോ, ഒലിവർ ഖാൻ, സിനദിൻ സിദാൻ, ഡീഗോ ഫോർലാൻ, ലയണൽ മെസി എന്നിവരാണ് സ്വർണപ്പന്ത് മാത്രം സ്വന്തമാക്കി വേദിവിട്ടവർ. ഈ പേരുകാരുടെ പട്ടികയിലേക്ക് മോഡ്രിച്ചും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.