ലൂക്ക മോഡ്രിച്ച്, അതിജീവനത്തിന്റെ പേരാണത്. പതിറ്റാണ്ട് നീണ്ട ലയണൽ മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ വാഴ്ചയ്ക്കും അദ്ദേഹം തിരശീലയിട്ടു. ലോക ഫുട്ബോളർ പദവിയിൽ കഴിഞ്ഞ പത്ത് വർഷമായി മെസിയും റൊണാൾഡോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ കുത്തകയാണ് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച ക്യാപ്റ്റനായ ലൂക്ക മോഡ്രിച്ച് ചൊവ്വാഴ്ച പുലർച്ചെ തകർത്തത്. അതെ, ലോകം ഇപ്പോൾ വാഴ്ത്തുന്നത് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയ ലൂക്ക മോഡ്രിച്ച് എന്ന റയൽ മാഡ്രിഡ് താരത്തെ.
യൂറോപ്പിലെ കുഞ്ഞൻ രാജ്യമായ ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ കടന്നതുമുതൽ മോഡ്രിച്ച് വാർത്തകളിൽ നിറഞ്ഞു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ മധ്യനിര താരം സൂപ്പർതാരങ്ങളെ പിന്തള്ളി അങ്ങനെ ഒറ്റയ്ക്ക് ശോഭിക്കാൻ തുടങ്ങി. പ്രതിസന്ധികളിലൂടെയാണ് മോഡ്രിച്ച് സൂപ്പർതാര പദവിയിലേക്ക് നടന്നത്. കഠിനമായ കുട്ടിക്കാലവും പ്രതിസന്ധി ഏറെ നിറഞ്ഞ കരിയറും കളത്തിലെ ശാന്തനെന്നറിയപ്പെടുന്ന മോഡ്രിച്ചിനെ വാർത്തെടുക്കുന്നതിൽ നിർണായകമായി.
1991 ഡിസംബറിൽ മോഡ്രിച്ചിന് ആറ് വയസുള്ളപ്പോഴായിരുന്നു ബാൾക്കൻ യുദ്ധം. സെർബിയൻ പട ക്രൊയേഷ്യൻ ഗ്രാമങ്ങളിൽ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. നാട് വിടാത്ത കുടുംബങ്ങളെ അവർ തേടിപിടിച്ച് വേട്ടയാടി. ക്രൂര ആക്രമണത്തെ അതിജീവിച്ചതിൽ മോഡ്രിച്ചിന്റെ കുടുംബവും ഉണ്ടായിരുന്നു.
തന്റെ മുത്തച്ഛനെ അക്രമികൾ കണ്മുന്നിൽ വെടിവച്ചു കൊല്ലുന്പോൾ നിസഹായനായിരുന്നു കുഞ്ഞു ലൂക്ക. പലായനവും ദാരിദ്ര്യവും യുദ്ധവും എല്ലാം നിറഞ്ഞ ജീവിതത്തിനിടയിലും ഫുട്ബോളിനെ സ്നേഹിച്ചു. ഒരിക്കൽ താരമായി തലയുയർത്തുമെന്ന് മനസിൽ കോറിയിട്ടു. അഭയാർഥി ക്യാന്പിൽനിന്ന് ഇപ്പോൾ ലോക ഫുട്ബോളർ ആയിരിക്കുന്നു ലൂക്ക.
ഗോളടിപ്പിക്കുന്നവൻ!
ഗോളടിച്ചാലാണ് കളി ജയിക്കുന്നതെങ്കിലും ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിൽ ശ്രദ്ധാലുവാണ് മോഡ്രിച്ച്. ഗോളടിപ്പിച്ചുമാത്രം ശീലിച്ച മോഡ്രിച്ച് ലോക ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിൽ പിന്തള്ളിയത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലയെയും. അവസാന മൂന്നിൽ കടക്കാൻ അർജന്റീനയുടെ ലയണൽ മെസിക്ക് സാധിച്ചില്ല.
2017-18 സീസണിൽ മോഡ്രിച്ച് തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിനായി കളിച്ചത് 42 മത്സരങ്ങൾ. അടിച്ചതാകട്ടെ രണ്ട് ഗോൾ മാത്രവും. ക്രൊയേഷ്യക്കായി ലോകകപ്പ് ഫൈനൽ ഉൾപ്പെടെ 20 മത്സരങ്ങൾ കളിച്ച മധ്യനിരത്താരം നേടിയത് മൂന്നു ഗോളും. അതായത് കഴിഞ്ഞ സീസണിൽ മോഡ്രിച്ചിന്റെ ബൂട്ടിൽനിന്ന് പന്ത് വലയിലെത്തിയത് വെറും അഞ്ച് തവണ മാത്രം.
പക്ഷേ, റയൽ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് കിരീടവും ക്രൊയേഷ്യ ലോകകപ്പ് ഫൈനലും കളിച്ചത് മോഡ്രിച്ചിന്റെ മധ്യനിരയിലെ സംഭാവനയും നീക്കങ്ങളും നല്കിയ ബലത്തിലായിരുന്നു. അതിനുള്ള അംഗീകാരമായി ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറും ഇപ്പോൾ ഫിഫ ദ ബെസ്റ്റ് പുരസ്കാരവും.
ബ്രസീലിയൻ താരം മാർത്തയാണ് ഏറ്റവും മികച്ച വനിതാ താരം. മികച്ച പരിശീലകനായി ഫ്രഞ്ച് ടീം കോച്ച് ദിദിയർ ദെഷാംപ്സിനെ തെരഞ്ഞെടുത്തു. ഫ്രാൻസിന്റെ കൈയിലൻ എംബാപ്പെയാണ് മികച്ച യുവതാരം. എവർട്ടണെതിരേ 2017 ഡിസംബർ 10ന് ലിവർപൂളിനായി മുഹമ്മദ് സല നേടിയ ഗോൾ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുത്തു. ലിയോണിന്റെ റെനോൾഡ് പെഡ്രോസ് മികച്ച വനിതാ ടീം പരിശീലകനായി. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ബെൽജിയത്തിന്റെ തിബോ കുർട്ടോ കരസ്ഥമാക്കി.