ആലപ്പുഴ: രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കാതെ പൊതുനിരത്തിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾക്കെതിരേ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്.
സൂപ്പർ ബൈക്കുകൾ അപകടകരമായ രീതിയിൽ പൊതുനിരത്തിൽ ഓടിച്ചു വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് യുവാക്കളുടെ ഹരമായി മാറിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മോട്ടോർ വാഹനവകുപ്പും പോലീസും നടപടി സ്വീകരിക്കാതിരിക്കാൻ മുന്നിലെയും പിന്നിലെയും നന്പർപ്ലേറ്റ് അഴിച്ചുമാറ്റിയാണ് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.
ജില്ലയിൽ രജിസ്റ്റർ ചെയ്ത സൂപ്പർ ബൈക്കുകളുടെ വിവരങ്ങളെക്കുറിച്ച് ജില്ലാ സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിച്ചാൽ ആദ്യതവണ പിഴയും താക്കീതും. കുറ്റം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുത്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുമെന്ന് ജില്ലാ ആർടിഒ അറിയിച്ചു.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ മറ്റേതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസിനു കേസ് കൈമാറുമെന്നും ആർടിഒ പറഞ്ഞു.