ആലുവ: മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടർന്ന് ആലുവ എടയപ്പറത്ത് നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ അന്നത്തെ ആലുവ ഈസ്റ്റ് സിഐ സി.എൽ. സുധീറിനെതിരേ കോടതിയെ സമീപിക്കുമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു.
കഴിഞ്ഞ നവംമ്പർ 22നാണ് മോഫിയ ആലുവ എയപ്പുറത്തുള്ള സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടർന്നു കോതമംഗലം സ്വദേശികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് അറസ്റ്റു ചെയ്ത്. ഇവരുടെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ തള്ളി.
എട്ടു മാസം മുമ്പു പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണന്നും പറഞ്ഞ് സുഹൈൽ പീഡിപ്പിച്ചിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സുഹൈലിന്റെ മാതാവ് റുഖിയ സ്ത്രീധനത്തെച്ചൊല്ലി മോഫിയയെ പലപ്പോഴും മാനസികമായും പീഡിപ്പിച്ചിരുന്നു.സംഭവം വിവാദമായതിനെ തുടർന്ന് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘം സുഹൈലിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
അതേ സമയം, സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ ഏറെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി ഇടപ്പെട്ട് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ സിഐ സുധീറിനെ കേസിൽ പ്രതിചേർക്കണമെന്ന ആവശ്യവുമായി മോഫിയയുടെ വീട്ടുകാർ ഉറച്ചു നിൽക്കുകയാണ്.