ആലുവ: നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയും തുടർന്നു നടന്ന കോൺഗ്രസ് സമരവും ആലുവ ഈസ്റ്റ് പോലീസിനെ കൂടുതൽ ഊരാക്കുടുക്കിലാക്കിയിരിക്കുന്നു.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സിഐയെ സസ്പെൻഡ് ചെയ്തിനു തൊട്ടു പിന്നാലെ കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത മൂന്ന് പ്രവർത്തകർക്കെതിരേ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ആരോപിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുത്തു.
പ്രിൻസിപ്പൽ എസ്ഐ ആർ. വിനോദ്, ഗ്രേഡ് എഎസ്ഐ രാജേഷ് എന്നിവരെയാണ് ഡിഐജി ഇന്നലെ സസ്പെൻഡ് ചെയ്തത്.
നേരത്തെ സസ്പെൻഷനിലായ സിഐ സി.എൽ. സുധീർ വകുപ്പുതല അന്വേഷണം നേരിടുന്നതിനിടയിൽ മറ്റു രണ്ട് ഉദ്യോഗസ്ഥർക്കെതിരേ കൂടി നടപടിയുണ്ടായത് പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
പ്രതികൾക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചത് വിവാദമായ പശ്ചാത്തലത്തിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് ഡിഐജി കോറി സഞ്ജയ് കുമാർ ഗുരുഡാണ് സസ്പെൻഷൻ നടപടിയെടുത്തത്.
റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ പോലീസ് വീഴ്ച്ച സംബന്ധിച്ച് അന്വേഷിക്കുന്നതിന് മുനമ്പം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷറഫ്, യൂത്ത് കോൺഗ്രസ് നേതാക്കളായ എം.എ.കെ. നജീബ്, അനസ് പള്ളിക്കുഴി എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ആലുവ പോലീസ് വീടുവളഞ്ഞ് പിടികൂടിയത്.
ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ അഭിഭാഷകൻ പോലീസ് നടപടി ചൂണ്ടികാട്ടിയതിനെ തുടർന്ന് പ്രതികൾക്ക് താത്കാലിക ജാമ്യം ലഭിച്ചിരുന്നു.
മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ റിമാൻഡിലാണ്. ഈ കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവും സസ്പെൻഷനിലുള്ള സിഐ സുധീറിനെതിരേയുള്ള പരാതി സിറ്റി ട്രാഫിക്ക് പോലീസ് അസി. കമ്മീഷണർ ഷെൽബിയുമാണ് അന്വേഷിക്കുന്നത്.
ഇതിന് പുറമെയാണ് തീവ്രവാദ ബന്ധമാരോപിച്ച് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയവർക്കെതിരേയുള്ള മൂന്നമാത്തെ അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.