ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പല പ്രതികളെയും ഒഴിവാക്കിയെന്ന ആരോപണവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്.
ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അന്നത്തെ ആലുവ സിഐ സി.എൽ. സുധീറിനെ കൂടാതെ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സുഹൈലിന്റെ സഹോദരൻ സെയ്ദ്, സഹോദരി ഭർത്താവ് അനസ് എന്നിവരും മരണത്തിനു ഉത്തരവാദികളാണെന്ന് പിതാവ് മൊഴി നൽകിയിരുന്നതാണ്.
എന്നാൽ, ഇവരെ ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമർപ്പിച്ചതിനെതിരേ നിയമപോരാട്ടം തുടരുമെന്ന് പിതാവ് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് കുറ്റപത്ര പ്രകാരം മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്.
രണ്ട് മാസത്തോളം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സുഹൈൽ പലതവണ മോഫിയയെ പീഡിപ്പിച്ചു. പണം ചോദിച്ച് മർദിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ആർ. രാജീവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീണിനെ 2021 നവംബർ 22നാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്നു മൊഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.ആലുവ സിഐ സുധീറിനെതിരേയും ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്.
എന്നാൽ, സിഐയെ കേസിൽ പ്രതിയാക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലൊന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചുക്കൊണ്ട് കോൺഗ്രസ് നടത്തിയ സമരങ്ങളെ തുടർന്ന് സിഐക്കെതിരേ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്.
സിറ്റി ട്രാഫിക് അസി.കമ്മീഷണർ കെ.എഫ്. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വാദിഭാഗത്തുനിന്നും മോഫിയയുടെ പിതാവ് ദിൽഷാദിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.