ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവ എടയപ്പറത്ത് നിയമ വിദ്യാർഥിനിയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്.
കോടതി മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതികളെ ഇരുമലപ്പടിയിലുള്ള ഭർതൃവീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തും.
മോഫിയ പർവീണിന്റെ ആത്മഹത്യയെ തുടർന്ന് ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
എട്ടു മാസം മുമ്പ് പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ കഴിഞ്ഞിരുന്നില്ല.
വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണന്നും പറഞ്ഞ് സുഹൈൽ കുറ്റപ്പെടുത്തുന്നത് പതിവായിരുന്നു.
അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രഹസ്യ ഭാഗത്ത് ടാറ്റു കുത്താനുള്ള ഭർത്താവിന്റെ ആവശ്യം നിരസിച്ചതിന് ക്രൂരമായ ശാരീരിക പീഡനമേറ്റിരുന്നതായുള്ള മോഫിയയുടെ കൂട്ടുകാർ നൽകിയ മൊഴികൾ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ സുഹൈലിന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.
ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
സുഹൈലിന്റെ മാതാവ് റുഖിയ സ്ത്രീധനത്തെച്ചൊല്ലി മോഫിയയെ പലപ്പോഴും മാനസികമായി പീഡിപ്പിച്ചിരുന്നു.
രതിവൈകൃതമടക്കമുള്ള സുഹൈലിന്റെ മാനസിക വിഭ്രാന്തികൾ സഹിക്കാവുന്നതിലധികമായതോടെ മോഫിയയുടെ വീട്ടുകാർ മുൻകൈയെടുത്ത് മനശാസ്ത്രജ്ഞന്റെയടുത്ത് കൗൺസിലിംഗിന് കൊണ്ടുപോകാൻ ശ്രമവും നടത്തിയിരുന്നു.
ഇക്കാര്യങ്ങൾ ചോദ്യംചെയ്യലിലിൽ സുഹൈൽ സമ്മതിച്ചതായി അറിയുന്നു.