നവംബർ 22 തിങ്കളാഴ്ച രാവിലെ 10 മണി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കുടുംബ വിഷയത്തിൽ സ്റ്റേഷൻ ഓഫീസർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച നടക്കുകയാണ്. പരാതിക്കാരിയും എതിർകക്ഷികളും തമ്മിൽ രമ്യതയിലെത്താനായില്ല.
പ്രാണനായി പ്രണയിച്ച് വരണമാല്യം ചാർത്തിയ പ്രിയതമൻ മുഖത്ത് നോക്കി മനോരോഗിയെന്ന് മുദ്രകുത്തിയപ്പോൾ പരാതിക്കാരിയായ ഒരു പാവം പെൺകുട്ടിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നതോടെ അവളുടെ രോഷം അണപൊട്ടി.
നീതിതേടിയെത്തി നിരാശയായി മടങ്ങാൻ ഒരുങ്ങിയപ്പോൾ പോലീസ് ഓഫീസറുടെ മുന്നിൽവച്ച് വഞ്ചനയുടെ ആ കപടമുഖമടച്ച് ഒരടി കൊടുത്തിട്ടാണ് അവൾ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഒടുവിൽ, സർവ സങ്കടങ്ങളും സങ്കൽപ്പങ്ങളും ഉള്ളിലൊതുക്കി അവൾ സ്വയം മരണക്കുരുക്ക് തീർത്ത് കിടപ്പുമുറിയിൽ തൂങ്ങിയാടി. പക്ഷേ, ഈ പകവീട്ടൽ പലർക്കും ഒരു പാഠമായി മാറുകയായിരുന്നു….!
മോഹങ്ങൾ ഉള്ളിലൊതുക്കിയ മോഫിയ
മൂന്നാം വർഷ നിയമ വിദ്യാർഥിനി. ക്യാമ്പസിലെ കിലുക്കാംപെട്ടി. ആലുവയ്ക്കടുത്ത് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ ദിൽഷാദിന്റെയും ഫാരിസയുടെയും മകൾ.ഒരു ദുരന്ത നിമിത്തമായിട്ടാണ് കോതമംഗലം സ്വദേശി സുഹൈലുമായി പ്രണയത്തിലാകുന്നത്. ഒടുവിൽ മകളുടെ മോഹത്തിന് എതിര് നിൽക്കാതെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു.
ആഘോഷപൂർവം നിക്കാഹ് നടത്തി. പക്ഷേ, മോഫിയയുടെ സ്വപ്നജീവിതത്തിന് ദീർഘായുസുണ്ടായില്ല. ഒരു മാസം പിന്നിട്ടപ്പോഴേക്കും ഭർതൃഗ്രഹം ഒരു കാരാഗ്രഹമാണെന്നവൾ തിരിച്ചറിയാൻ തുടങ്ങി. പിന്നീടങ്ങോട്ട് പീഡനങ്ങളുടെ പരമ്പരയായിരുന്നു.
സൗന്ദര്യവും തടിയും മാത്രമല്ല, സ്ത്രീധനവും പോരാ
സ്വപ്നസുരഭിലമായ സ്വർഗലോകത്തേക്കാണ് സുഹൈൽ കൈപിടിച്ചു കൊണ്ടുപോകുന്നതെന്ന് മോഫിയ മോഹിച്ചു. എന്നാൽ, പ്രിയതമന്റെയും വീട്ടുകാരുടെയും തനിനിറം തിരിച്ചറിഞ്ഞതോടെ അവൾ പകച്ചു പോയി.പ്രണയകാലത്ത് തന്റെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായവൻ വാക്കുമാറ്റാൻ തുടങ്ങി.
ശരീര വണ്ണം പോരെന്ന പഴി പറഞ്ഞ് പരിഹസിച്ചു. ഒടുവിൽ മനോരോഗിയായി ചിത്രീകരിച്ചു. അശ്ലീല ദൃശ്യങ്ങൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി പിടിവാശികാട്ടി. രഹസ്യ ഭാഗങ്ങളിൽ ടാറ്റു കുത്താൻ പ്രേരിപ്പിച്ചു.ഇതിനിടയിൽ സ്ത്രീധനമില്ലാതെ വലിഞ്ഞു കയറി വന്നവളെന്ന ഭർതൃമാതാവിന്റെ കുറ്റപ്പെടുത്തലും തുടർന്നു.
ഒടുവിൽ തന്നെ ഒഴിവാക്കാൻ ഭർത്താവ് പള്ളി കമ്മിറ്റിയെ സമീപിക്കുകയും വേറെ വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്തതോടെയാണ് നിയമ വിദ്യാർഥി കൂടിയായ മോഫിയ നീതിതേടി വനിതാ കമ്മീഷനു മുന്നിലെത്തിയത്.
കുറിപ്പിലൊതുക്കിയ മരണമൊഴി
തന്റെയും തന്നെ ഇഷ്ടപ്പെടുന്നവരുടെയും സങ്കല്പങ്ങളെ തകിടം മറിച്ച ദുരിതജീവിതം അവസാനിപ്പിക്കാനുറപ്പിച്ച മോഫിയ മരണമൊഴി ഡയറിയിൽ കുറിക്കാൻ മറന്നില്ല. പിതാവിനോടുള്ള ക്ഷമാപണത്തോടു കൂടിയ ആത്മഹത്യാ കുറിപ്പിൽ ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്ന് അവൾ അനുഭവിച്ചറിഞ്ഞ സത്യം എഴുതി വച്ചു.
വഞ്ചകനായ ഭർത്താവിന്റെ മുഖത്തടിച്ച് പകവീട്ടാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയും മറച്ചു വച്ചില്ല. ഒപ്പം ആലുവ പോലീസ് സ്റ്റേഷനിലെ എസ്എഎച്ച്ഒയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും എഴുതിവയ്ക്കാനും മോഫിയ മടിച്ചില്ല.
തളർന്നിരിക്കില്ല; മകൾക്കു വേണ്ടി പോരാട്ടം തുടരും
“ഇനിയൊരു മകൾക്കും ഈ ഗതി വരരുതെന്ന് പറഞ്ഞ് തളർന്നിരിക്കാതെ മകളുടെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും’. നിശ്ചയദാർഢ്യമുള്ള ഈ വാക്കുകൾ മോഫിയയുടെ പിതാവ് ദിൽഷാദിന്റേതാണ്.
പ്രോസിക്യൂഷനോടൊപ്പം കേസിൽ കക്ഷിചേർന്ന് വിട്ടുവീഴച്ചയില്ലാത്ത നിയമ പോരാട്ടത്തിലാണ് ദിൽഷാദ്. ഐക്യദാർഢ്യവുമായി അഭിഭാഷകരടങ്ങുന്നവരുടെ നിയമ സഹായവുമുണ്ട്. ഒപ്പം കുടുംബവും കൂട്ടുകാരും.
(തുടരും)