പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍നിന്ന് എന്‍ഐഎ പിടികൂടിയ രണ്ട് അല്‍ ക്വയ്ദ ഭീകരരില്‍ ഒരാളായ മൊസറഫ് ഹൊസന്‍ പത്തുവര്‍ഷത്തിലധികമായി സ്ഥലത്തുണ്ട്.
കുടുംബവുമായി താമസിച്ചിരുന്ന ഇയാള്‍ പെരുന്പാവൂര്‍ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലാണ് ഏഴു വര്‍ഷമായി ജോലി ചെയ്തിരുന്നത്.
മലയാളം നല്ല രീതിയില്‍തന്നെ സംസാരിക്കുന്ന ഇയാളെക്കുറിച്ചു സ്ഥാപനമുടമയ്ക്കോ സമീപ വ്യാപാരികള്‍ക്കോ യാതൊരു സംശയവുമുണ്ടായിരുന്നില്ല. രാവിലെ കൃത്യസമയത്ത് എത്തി കടതുറക്കുന്നതും രാത്രി എട്ടിന് കട അടയ്ക്കുന്നതുമെല്ലാം ഇയാളായിരുന്നു.
വാടക കരാറും തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചശേഷമാണ് ഇയാളെ ജോലിക്ക് നിയോഗിച്ചതും വീട് വാടകയ്ക്ക് നല്കിയിരുന്നതും. ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ ഇയാള്‍ ഉള്‍പ്പെടുന്ന ഒമ്പതംഗം സംഘം എന്‍ഐഎയുടെ പിടിയിലായതിന്റെ ഞെട്ടലിലാണ് സ്ഥാപനമുടമയും വീട് വാടകയ്ക്കു നല്‍കിയിരുന്നവരും.
പിടിയിലായ ഇയാക്കൂബ് ബിശ്വാസ് രണ്ടര മാസം മുമ്പാണ് പെരുമ്പാവൂരിലെത്തിയത്. കണ്ടന്തറയില് ഒരു ഹോട്ടലില്‍ പൊറോട്ട ഉണ്ടാക്കുന്ന ജോലി ആയിരുന്നു.
ഇടുക്കിയില്‍നിന്നാണ് ജോലിക്കായി പെരുമ്പാവൂരിലെത്തിയതെന്നാണ് വിവരം. ഭീകരരുടെ ലൊക്കേഷന്‍ മനസിലാക്കി എത്തിയ എന്‍ഐഎ സംഘം പെരുമ്പാവൂര്‍ പോലീസിന്റെ സഹായത്തോടെ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇരുവരെയും കുടുക്കിയത്.
പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു സംഘവും സിഐ ഉള്‍പ്പെടുന്ന മറ്റൊരു സംഘവും പുലര്‍ച്ചെ രണ്ടോടെ ഇവരുടെ താമസസ്ഥലത്തെത്തി.
കണ്ടന്തറയില് ഇയാക്കൂബ് താമസിച്ചിരുന്ന സ്ഥലത്ത് എന്‍ഐഎ എത്തിയപ്പോള്‍ ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. സുഹൃത്തിന്റെ സഹായത്തോടെ ഇയാക്കൂബ് പെരുമ്പാവൂര്‍ സോഫിയ കോളജ് പരിസരത്തെ മറ്റൊരു താമസസ്ഥലത്ത് ഉണ്ടെന്ന് മനസിലാക്കിയാണ് എന്‍ഐഎ പിടികൂടിയത്.
ഇരുവരുടെയും മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണ സംഘം ഒരേ സമയം ഇരുവരുടെയും വീടുകള്‍ വളഞ്ഞു പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നു പലതരത്തിലുള്ള ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി.
കളമശേരി പാതാളത്തുനിന്നു പിടിയിലായ മുര്‍ഷിദ് ഹസന് രണ്ടു മാസം മുമ്പാണ് കേരളത്തിലെത്തിയത്. പാതാളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്നിടത്ത് താമസിച്ച് ഒരു സ്വകാര്യ സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.