ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കും വിധം ഇന്ത്യൻ സിനിമകൾ നിർമിക്കാൻ സാധിക്കും എന്നതിനു തെളിവായിരുന്നു എസ് എസ് രാജമൗലി ആരാധകർക്കായി സമർപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ഇന്ത്യ മുഴുവൻ ഇളക്കി മറിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തതിന്റെ പിന്നാലെ ചിത്രത്തെ കുറിച്ച് പല വിവാദങ്ങളും ഉയർന്നിരുന്നു. ചിത്രത്തിൽ അഭിനയിക്കാനായി രാജമൗലി പല പ്രമുഖ താരങ്ങളെ സമീപിച്ചെങ്കിലും അവർ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നുമാണ് കേട്ടത്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് പ്രശസ്ത നടി ശ്രീദേവിയുടെ പേരായിരുന്നു.
ബാഹുബലിയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയുടെ വേഷം അവതരിപ്പിക്കാൻ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാൽ അവർ അത് നിരസിച്ചു. പക്ഷെ ചിത്രം റിലീസ് ചെയ്തതിന് ശേഷം ശ്രീദേവി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് രാജമൗലി രംഗത്തെത്തിയതാണ് ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടത്. ഉയർന്ന പ്രതിഫലമാണ് ശ്രീദേവി ആവശ്യപ്പെട്ടതെന്നും നിരവധി വിമാന ടിക്കറ്റുകൾ ചോദിക്കുകയും ചിത്രത്തിന്റെ വിതരണാവകാശം ആവശ്യപ്പെട്ടു എന്നെല്ലാം രാജമൗലി പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ചിത്രത്തിലഭിനയിക്കാൻ താൻ തയാറാകാത്തതിന്റെ വിശദീകരണവുമായി ശ്രീദേവിയും രംഗത്തെത്തിയിരുന്നു. പക്ഷെ ശിവകാമിയുടെ വേഷം ശ്രീദേവി ചെയ്യാതിരുന്നത് നന്നായി എന്ന് രാജമൗലി പറഞ്ഞതാണ് താരത്തെ ഏറ്റവും ക്ഷോഭിപ്പിച്ചത്. പി്ന്നാലെ ഇവർ തമ്മിൽ പിണക്കത്തിലാണെന്നുള്ള വാർത്തകളും പരന്നിരുന്നു. എന്നാൽ ഇപ്പോൾ പിണക്കം മറന്ന് ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
പക്ഷെ ഈ സിനിമയിലെ പ്രത്യേകത ഇതൊന്നുമല്ല. കാരണം മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. ഫാന്റസി ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തിൽ യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങളും പ്രമേയമാകുമെന്നും സൂചനയുണ്ട്. മുൻപ് മോഹൻലാൽ തെലുങ്കിൽ അഭിനയിച്ച രണ്ട് ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. വാർത്തകൾ ഇങ്ങനെ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും ഒൗദ്യോഗികമായി സ്ഥിരീകരണമില്ല.