കൊച്ചി: ലഹരി മരുന്നു കടത്തു കേസില്‍ ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപ് കൊച്ചിയിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണി.
സിനിമാ മേഖലകളിലേക്കും മറ്റു ഡിജെ പാര്‍ട്ടികളിലും ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് അനൂപ് എന്ന് കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജന്‍സി കണ്ടെത്തി.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളും ഇയാളുടെ കണ്ണിയിലെ അംഗമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും. മുഹമ്മദ് അനൂപിനൊപ്പം പിടിയിലായ സീരിയല്‍ നടി അനിഘയും ആർ. രവീന്ദ്രനും ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.
ഈ സംഘത്തിന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, കെ.ടി. റമീസ് തുടങ്ങിയവരുമായും ബന്ധമുണ്ട്.
ഈ സാഹചര്യത്തില്‍ മുഹമ്മദ് അനൂപിനെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തിന് വേണ്ട പണം സ്വരൂപിക്കാന്‍ മുഹമ്മദ് അനൂപിന്റെ സഹായം പ്രതികള്‍ തേടിയിട്ടുണ്ടെന്നാണ് വിവരം.
സ്വര്‍ണക്കടത്തിനു വേണ്ടി കൂടുതല്‍ ധനസമാഹരണത്തിനു റമീസ് ലഹരി മാഫിയയുടെ സഹായം തേടിയിരുന്നു. ഇതിനു ശേഷമാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് വിവരം ചോര്‍ന്നതെന്ന് പ്രതികള്‍ പലരും മൊഴി നല്‍കിയിട്ടുമുണ്ട്.
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് ഒരു രാഷ്ട്രീയ ഉന്നതനെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
മുഹമ്മദ് അനൂപുമായി ബന്ധമുള്ള ഏതാനും രാഷ്ട്രീയനേതാക്കളും സംശയത്തിന്റെ നിഴലിലാണ്. സ്വര്‍ണക്കടത്ത് സംഘത്തിനു ലഹരിമരുന്നു കടത്ത് സംഘവുമായി ബന്ധമുണ്ടെന്നുള്ള വ്യക്തമായ തെളിവാണ് ഇവരിലൂടെ ലഭിക്കുന്നത്.