ഏതാനും ആഴ്ചകൾക്ക് മുമ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ചൈൽഡ് വ്ലോഗറിന് യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ ലഭിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. പാക്കിസ്ഥാനിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ വ്ലോഗർ എന്നറിയപ്പെടുന്ന മുഹമ്മദ് ഷിറാസ്, തൻ്റെ കുടുംബത്തെക്കുറിച്ചും ദൈനംദിന ജീവിതത്തെക്കുറിച്ചും അയൽപക്കത്തെ അപ്ഡേറ്റുകളെക്കുറിച്ചുമാണ് വീഡിയോകൾ ചിത്രീകരിക്കുന്നത്.
പാക്കിസ്ഥാനിലെ വടക്കൻ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട മനോഹരമായ നഗരമായ ഖപ്ലു ആണ് ഷിറാസിന്റെ നാട്. “ഷിറാസി വില്ലേജ് വ്ലോഗ്സ്” എന്ന ചാനലിൽ ഷിറാസ് തന്റെ ദൈനംദിന വ്ലോഗുകൾ പങ്കിടുന്നു. അവന്റെ ഇളയ സഹോദരിയാണെന്ന് തോന്നുന്ന മുസ്കാൻ എന്ന ഒരു കൊച്ചു പെൺകുട്ടി വീഡിയോകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.
കഴിഞ്ഞ ആഴ്ച ഷിറാസിന്റെ ചാനൽ 100,000 സബ്സ്ക്രൈബർമാരെ തികച്ചു. ഇത് അവന് സിൽവർ പ്ലേ ബട്ടൺ നേടിക്കൊടുത്തു. സമ്മാനം അൺബോക്സ് ചെയ്യുന്നതും അവൻ സ്വയം ചിത്രീകരിച്ചു. വീഡിയോ തൽക്ഷണം തന്നെ വൈറലായി.
സന്തോഷം കൊണ്ട് ഷിറാസിന് ആവേശത്തോടെ നിലവിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. അതേസമയം ബട്ടണിൽ ഒരു അക്ഷരത്തെറ്റ് അവൻ ശ്രദ്ധിച്ചു – അവൻ്റെ ചാനലിൻ്റെ പേരിൽ ഒരു “i” ഇല്ലായിരുന്നു! പിന്നീട് ഷിറാസ് ബട്ടണിൽ ചുംബിച്ചു. ഈ സന്തോഷ നിമിഷം പങ്കിടാൻ അവൻ മുസ്കാനെ വിളിച്ചു.
‘നിച്ച് ലൈഫ്സ്റ്റൈൽ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അൺബോക്സിംഗ് വീഡിയോ പങ്കിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്ലോഗറായ മുഹമ്മദ് ഷിറാസിന് യൂട്യൂബിൽ നിന്ന് സിൽവർ പ്ലേ ബട്ടൺ ലഭിച്ചുവെന്നായിരുന്നു അടിക്കുറിപ്പ്. കമൻ്റുകളിൽ ആരാധകർ ഷിറാസിനും മുസ്കാനും ആശംസകളുമായി എത്തി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക