കാക്കനാട്: ഫയൽ നീക്കങ്ങളിൽ ഗുരുതരമായ വീഴ്ച ബോധ്യപ്പെട്ടതിനെത്തുടർന്നു ജീവനക്കാരെ പുറത്താക്കി കളക്ടറേറ്റിലെ കാര്യനിർവഹണ വിഭാഗം (എസ്റ്റാബ്ലിഷ്മെന്റ്) ഓഫീസ് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള കുറെസമയം അടച്ചിട്ടു.
ജീവനക്കാർക്കു താക്കീത് നല്കിയശേഷമാണു പിന്നീട് ഓഫീസ് തുറക്കാൻ കളക്ടർ അനുവദിച്ചത്. ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സിനിമാ സ്റ്റൈലിലുള്ള രംഗങ്ങൾ അരങ്ങേറിയത്.
മിന്നൽ പരിശോധനയ്ക്കെത്തിയ കളക്ടർ അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് ഒരു റിട്ടയേർഡ് തഹസിൽദാർ സമർപ്പിച്ച അപേക്ഷയുടെ ഫയൽ ആവശ്യപ്പെട്ടു. ആ ഫയൽ കാണുന്നില്ലെന്നായിരുന്നു മറുപടി. ഉടൻതന്നെ കളക്ടർ പരാതിക്കാരനിൽനിന്നു പുതിയ അപേക്ഷ വാങ്ങാൻ ജീവനക്കാരോടു നിർദേശിച്ചു. അപേക്ഷ അപ്പോൾതന്നെ തീർപ്പാക്കി റവന്യൂ വകുപ്പിലേക്കു കൊടുക്കാനായി അപേക്ഷകന്റെ കൈവശം കളക്ടർതന്നെ നൽകുകയുംചെയ്തു.
തുടർന്നാണു സെക്ഷനിലുണ്ടായിരുന്ന ജീവനക്കാരെ പുറത്തേക്കു മാറ്റി സെക്ഷൻ അടച്ചിടാൻ കളക്ടർ നിർദേശിച്ചത്. ജീവനക്കാർക്കു താക്കീത് നല്കിയശേഷം ഓഫീസ് തുറക്കാൻ കളക്ടർ അനുവദിച്ചു. ഭരണാനുകൂല സർവീസ് സംഘടനയുടെ ജില്ലാ പ്രസിഡന്റാണ് ഓഫീസിലെ പ്രധാന സെക്ഷൻ കൈകാര്യം ചെയ്യുന്നത്.
ഇദ്ദേഹം ഉൾപ്പെടെയുള്ളവർ സംഘടനയുടെ പ്രകടനത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കളക്ടറുടെ മിന്നൽ പരിശോധന. ഓഫീസ് ജീവനക്കാർ രാഷ്ട്രീയവിരോധം തീർക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന എന്നറിയുന്നു.