ന്യുഡല്‍ഹി: ഭാര്യക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ്‌ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹിജാബ് ധരിക്കാതെയുള്ള ചിത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയായാണ് ഷമി വീണ്ടും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ഞായറാഴ്ച ട്വിറ്ററിലാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഷമിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് ബ്രൗണ്‍ സ്ലീവ്‌ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തത്. ചിത്രം ഒരുപാടുപേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ചെയ്‌തെങ്കിലും ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു.
ചിത്രത്തില്‍ ഭാര്യ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ഷമി മറുപടിയും നല്‍കിയിരുന്നു. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുതന്നെ ലഭിക്കണമെന്നില്ല. ഭാര്യയുടെയും മകളുടെയും ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തത്. ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം- തന്റെ പോസ്റ്റില്‍ ഷമി വ്യക്തമാക്കി. ഇതിനു ശേഷമാണ് വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് വീണ്ടും ഷമി ഭാര്യക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാല്‍മുട്ടിന് പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയാതിരുന്ന ഷമി ഇപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്.ടെന്നീസ് താരം സാനിയ മിര്‍സയും നേരത്തെ ഇതുപോലെ വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാരവാദികളില്‍ നിന്ന് വന്‍ ആക്രമണത്തിന് ഇരയായിരുന്നു.