ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിൻ ജഹാൻ പോലീസിനെ സമീപിച്ചു. രണ്ടു വർഷമായി ഷമി തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ഇന്നലെ ഹസിൻ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹസിനും വക്കീലും കൂടി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഷമിക്ക് ഒരു പാക്കിസ്ഥാൻകാരിയുമായും ദുബായിലുള്ള സ്ത്രീയുമായും ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചു.
ഷമി പാക്കിസ്ഥാനി യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണു തെളിവായി അവർ പുറത്തുവിട്ടത്. ഷമി മറ്റു സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഹസിൻ പോസ്റ്റ് ചെയ്തു. ഈ സ്ത്രീകളുടെ മൊബൈൽ നന്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും ഹസിൻ പുറത്തുവിട്ടു. 2015 ജൂലൈയിൽ തങ്ങൾക്കു പെണ്കുഞ്ഞു പിറന്ന ശേഷമാണു ഷമി പീഡിപ്പിക്കാൻ തുടങ്ങിയത്.
ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞു നാട്ടിലേക്കു വരുന്ന വഴിയിൽ ഷമി ദുബായിൽ ഇറങ്ങിയെന്നും അവിടെ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞതായും ഹസിൻ ആരോപിച്ചു. ഭർത്താവിന്റെ ഫോണിൽനിന്നാണ് ഇതിനുള്ള തെളിവുകൾ കണ്ടെത്തിയതെന്നും ഹസിൻ പറഞ്ഞു.
ധർമശാലയിൽ തന്നെയും കൂടെ കൊണ്ടുപോകാൻ അഭ്യർഥിച്ചെങ്കിലും ഷമി വിസമ്മതിച്ചു. അവിടെയെത്തിയ ശേഷം ഫോണിൽ വിളിച്ച് അധിക്ഷേപിച്ചതായും ഹസിൻ പറഞ്ഞു. അതേസമയം ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന മറുപടിയുമായി ഷമി രംഗത്തെത്തി.
തന്റെ കരിയർ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ഇന്ത്യൻ താരം ആരോപിച്ചു. ഹസിന്റെ ആരോപണം വന്നതിനു പിന്നാലെ ബിസിസിഐ കളിക്കാരുടെ പുതിയ കരാർ പട്ടികയിൽനിന്നു ഷമിയെ ഒഴിവാക്കി.