ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഹിന്ദുക്കളുടെ രാജ്യം എന്നാൽ മറ്റുള്ളവരെ ഉൾക്കൊള്ളില്ല എന്ന് അർഥമില്ലെന്നും ആർഎസ്എസ് തലവൻ കൂട്ടിച്ചേർത്തു.
ജർമനി ജർമൻകാരുടെ രാജ്യമാണ്, ബ്രിട്ടൻ ബ്രിട്ടീഷുകാരുടെയും അമേരിക്ക അമേരിക്കക്കാരുടെയും രാജ്യമാണ്. അതുപോലെതന്നെ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമാണ്. എന്നാൽ, ഹിന്ദുസ്ഥാൻ മറ്റാരുടെയും അല്ലെന്ന് അതിനർഥമില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. കോളജ് വിദ്യാർഥികളായ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുന്നിതിനിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.
ഹിന്ദു എന്നത് ഭാരതമാതാവിന്റെ എല്ലാ മക്കളെയും ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ പൈതൃകവും സംസ്കാരവും അനുസരിച്ചു ജീവിക്കുന്നവരാണ് ഹിന്ദുക്കൾ എന്നാണ് ഭാഗവത് പറഞ്ഞത്. ഒരു നേതാവിനോ ഒരു രാഷ്ട്രീയ പാർട്ടിക്കോ മാത്ര മായി രാജ്യത്തെ വികസിപ്പിക്കാനാകില്ല. പുരാതന കാലങ്ങളിൽ വികസനത്തിനായി ആളുകൾ ദൈവത്തോടു പ്രാർഥിച്ചിരുന്നു. എന്നാൽ, കലിയുഗത്തിൽ ജനങ്ങൾ സർക്കാരിനെയാണ് നോക്കുന്നത്.
എന്നാൽ, സമൂഹം എങ്ങനെ ചലിക്കുന്നുവോ അതിനനുസരിച്ചു മാത്രമേ സർക്കാരിനു ചലിക്കാൻ കഴിയൂ. സർക്കാരിന്റെ പിതൃത്വം തന്നെ സമൂഹത്തിലാണ്. സർക്കാരിന് സമൂഹത്തെ സേവിക്കാൻ കഴിയും. എന്നാൽ, സർക്കാരിനു സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല. സമൂഹം സ്വമേധയാ മാറ്റങ്ങൾ കൊണ്ടുവരുന്പോൾ ആ മാറ്റങ്ങൾ സർക്കാരിലും അനുബന്ധ സംവിധാനങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയെ ശക്തിപ്പെടുത്താനും അഭിവൃദ്ധിപ്പെടുത്താനും വിശ്വഗുരുവാക്കി മാറ്റാനും മനസിൽ നിന്ന് എല്ലാ വിവേചനങ്ങളെയും മാറ്റി നിർത്തുകയാണു വേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.