ഭുവനേശ്വർ: ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംകൾ ഇന്ത്യയിലാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഹിന്ദു സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണു മറ്റു വിശ്വാസക്കാർ ഇന്ത്യയിൽ അഭയം തേടുന്നതെന്നും ഭാഗവത് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംകൾ ഇന്ത്യയിലാണ്. നമ്മൾ ഹിന്ദുക്കളായതാണ് ഇതിനു കാരണം. ലോകത്തിലെ ഏതെങ്കിലും ഒരു ജനത അവരുടെ നേരായ മാർഗത്തിൽനിന്നു വ്യതിചലിച്ചാൽ സത്യം തേടി ഇന്ത്യയിലേക്കാണ് എത്തുക. അലഞ്ഞു നടന്ന ജൂതർക്ക് അഭയം നൽകിയത് ഇന്ത്യയാണ്. പാഴ്സികൾക്കും ഇന്ത്യയിൽ സ്വതന്ത്രമായി അവരുടെ വിശ്വാസം പിന്തുടരാൻ സാധിക്കുന്നു- ഭാഗവത് പറഞ്ഞു.
ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്കാരമാണെന്നും അഖില ഭാരതീയ കാര്യകാരി മണ്ഡലിനു മുന്നോടിയായി ചേർന്ന യോഗത്തിൽ ഭാഗവത് അവകാശപ്പെട്ടു.
തങ്ങൾ സന്തുഷ്ടരാണെങ്കിൽ കാരണം ഭരണഘടന : ഒവൈസി
ന്യൂഡൽഹി: ഹിന്ദുക്കൾ രാജ്യത്തുള്ളതുകൊണ്ടാണ് മുസ്ലിംകൾ സന്തുഷ്ടരായിരിക്കുന്നുതെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. തങ്ങളെ വിദേശ മുസ്ലിംകളുമായി ബന്ധിപ്പിക്കാൻ ഭാഗവത് എത്ര ശ്രമിച്ചാലും തന്റെ ഇന്ത്യൻ എന്ന സ്വത്വത്തെ ബാധിക്കില്ലെന്ന് ഒവൈസി പറഞ്ഞു.
ഹിന്ദുവെന്ന പേരിട്ട് വിളിച്ചാലും തന്റെ ചരിത്രം മായ്ക്കാൻ മോഹൻ ഭാഗവതിനാകില്ല. തങ്ങളുടെ സംസ്കാരം, വിശ്വാസം, വ്യക്തിഗതമായ തിരിച്ചറിവുകൾ ഇവയൊന്നും ഹിന്ദുമതത്തിൽ ഉൾക്കൊള്ളണമെന്ന് പറയാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഒവൈസി പറഞ്ഞു.
ഹിന്ദുരാഷ്ട്രമെന്നാൽ ഹിന്ദു പരമാധികാരം എന്നാണർഥം. അത് തങ്ങൾ അംഗീകരിക്കില്ല. തങ്ങൾ സന്തുഷ്ടരാണെങ്കിൽ അത് ഭരണഘടന മൂലമാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.