പാലക്കാട് : ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതിൽ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
പാലക്കാട്ടെ മൂത്താൻതറ കര്‍ണ്ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് ലംഘിച്ച് അദ്ദേഹം പതാക ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയ ജില്ലാ ഭരണകൂടം വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ജില്ലാ ഭരണകൂടം സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സ്കൂളിലെ പ്രധാനാധ്യാപകനെതിരേ നടപടിക്കു ജില്ലാ ഭരണകൂടം നിർദേശം നല്‍കിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടിനാണ് ഇതുസംബന്ധിച്ചു നിർദേശം നല്‍കിയത്. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്രമക്കേടുണ്ടായതായി തഹസിൽദാരും റിപ്പോർട്ടു നല്‍കിയിരുന്നു.