താടി വയ്ക്കാത്തതിന്റെ പേരിൽ ഒരു സിനിമയിലെ അവസരം നഷ്ടമായതിനെക്കുറിച്ച് കുറിപ്പെഴുതി നടൻ മോഹൻ ജോസ്.
വെപ്പുതാടി വയ്ക്കാമെന്ന് പറഞ്ഞിട്ടും സംവിധായകൻ സമ്മതിച്ചില്ലെന്നും തുടർന്ന് സിനിമയിൽ നിന്ന് പിന്മാറിയെന്നും മോഹൻ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പത്തിലേറെ വർഷങ്ങൾക്കു മുമ്പാണ്. ഒരു സിനിമയിലഭിനയിക്കാൻ ക്ഷണം വന്നു. മുന്പ് അസിസ്റ്റൻറായി വർക്ക് ചെയ്ത ഒരാളായിരുന്നു സംവിധായകൻ.
കഥാപാത്രവും തീയതിയും ലൊക്കേഷനുമെല്ലാം പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ് ഏകദേശ രൂപം കിട്ടി. അഡ്വാൻസുമായി വീട്ടിലേക്കു വരാമെന്നും പറഞ്ഞു.
അന്ന് തിരുവനന്തപുരത്ത് ഒരു ചിത്രത്തിൽ വർക്കു ചെയ്തു കൊണ്ടിരുന്നതിനാൽ മടങ്ങി ഏറണാകുളത്ത് എത്തിയതിനു ശേഷം അഡ്വാൻസ് മതിയെന്ന് ഞാൻ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ സംവിധായകൻറെ ഫോൺ.
“ചേട്ടാ താടി വളർത്താമോ?”
“അതെന്തിനാ?”
“എന്റെ മനസ്സിലെ കഥാപാത്രത്തിന് താടിയുണ്ട്”.
“പണ്ടൊരിക്കൽ ഞാൻ താടി വളർത്തി നോക്കിയതാ. പരമ ബോറായിരുന്നു.
നിർബന്ധമാണെങ്കിൽ വെപ്പു താടി വയ്ക്കാല്ലോ?”
“ഇല്ല, എനിക്ക് ഒറിജിനൽ താടി തന്നെ വേണം.”
“എങ്കിൽ താടിയുള്ള ആരെയെങ്കിലും വിളിക്കൂ.”
പിന്നീട് ആ റോൾ മറ്റൊരാളാണ് ചെയ്തത്. പക്ഷെ അദ്ദേഹത്തിന് താടി പോയിട്ട് മേൽമീശയുമില്ലായിരുന്നു.
അപ്പോൾ എന്റെ സംശയം- സംവിധായകന്റെ സങ്കൽപ്പത്തിവുണ്ടായിരുന്ന താടി എവിടെപ്പോയി?
ആ ചിത്രം തീയേറ്ററിൽനിന്ന് ആദ്യദിവസം തന്നെ തൂക്കി.