തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ മോഹൻലാൽതന്നെ മുഖ്യാതിഥിയാകുമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. അദ്ദേഹത്തെ ബുധനാഴ്ച ഒൗദ്യോഗികമായി ക്ഷണിക്കുമെന്നും മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.
മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. പുരസ്ക്കാര ദാന ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടൻ സൂര്യ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്- എ.കെ.ബാലൻ പറഞ്ഞു.
ചരിത്രമറിയാതെയാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നും പുരസ്കാര ജേതാക്കളായ ഇന്ദ്രൻസും വി.സി. അഭിലാഷും മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്കു നൽകിയിരുന്നു.
എന്നാൽ കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ട പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്ന വാദവുമായി രംഗത്തെത്തി. ഇതേതുടർന്ന് കത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘടനകൾ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു.