മോഹൻലാൽ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടിൽ കളിച്ചുവളർന്ന കുട്ടിയാണ് ലാലു (മോഹൻലാൽ). അവന്റെ കുസൃതി കാണുമ്പോൾ എല്ലാവർക്കും പേടിയാകുമായിരുന്നു.അതുകൊണ്ട് അവൻ വീട്ടിലെത്തിയാൽ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്.
വലിയ വേദികളിൽ നിൽക്കുമ്പോഴും ഞാൻ മോഹൻലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളർച്ച കണ്ട വ്യക്തിയാണ് ഞാൻ. അവന്റെ അച്ഛൻ ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയിൽ പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്.
അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തിൽ അവൻ അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന ചിത്രം കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. ആ സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നല്ല ക്ഷമയുളള വ്യക്തിയാണ് ലാലു.
ഇന്ദ്രനും രാജുവിനും അതില്ല. എത്ര തിരക്കിലും പ്രേക്ഷകരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ക്ഷമയോടെ ചിരിച്ച് നിൽക്കാൻ അവനു കഴിയും. – മല്ലിക സുകുമാരൻ