കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത് ‘സൂപ്പര്‍ ഹിറ്റാ’ക്കിയ സുരേഷ്ഗോപിയുടെ മകളുടെ കല്യാണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിവാഹ ഫോട്ടോകളും താരങ്ങളുടെ ഭാവപ്രകടനങ്ങളും വേറെ ലെവലില്‍ എത്തിയതോടെ പതിവുപോലെ എതിര്‍ത്തും അനുകൂലിച്ചും ഇടയ്ക്ക് ‘പച്ചയ്ക്ക് വര്‍ഗീയത’ പറഞ്ഞുമാണ് സോഷ്യല്‍ മീഡിയ ഇന്നലെ മുതല്‍ കത്തിനില്‍ക്കുന്നത്.
മലയാളത്തിലെ പ്രിയതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെ പേരിലാണ് പ്രധാനമായും ചേരിതിരിഞ്ഞ് പരാമര്‍ശങ്ങളും കമന്റ് ബോക്സുകളും നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹം നടന്ന ഗുരുവായൂരില്‍ പ്രധാനമന്ത്രിയെ നമിച്ച് മോഹന്‍ലാല്‍ നില്ക്കുമ്പോള് തൊട്ടടുത്ത് മമ്മൂട്ടി കൈകെട്ടി നില്ക്കുന്ന ചിത്രം ട്രോളാക്കി പ്രചരിപ്പിക്കുകയാണ് ചിലര്‍. ‘ഇതാടാ മമ്മൂട്ടി’ എന്നു ചൂണ്ടിക്കാട്ടി തലകുനിച്ച് നില്‍ക്കുന്നവരെല്ലാം വിധേയരാണെന്ന മട്ടിലാണ് പ്രചാരണം.
എന്നാലിതിന് മറുപടിയായി മമ്മൂട്ടി പ്രധാനമന്ത്രിയെ കൈകൂപ്പി വണങ്ങുന്നതും അക്ഷതം സ്വീകരിക്കുന്നതുമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മറുവിഭാഗവും രംഗത്തെത്തുന്നു. മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവരുടെ മതങ്ങള്‍ ചികഞ്ഞ് നടത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി നിഷ്പക്ഷരും എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ പ്രളയമായി.
ഗുരുവായൂരിലേക്ക് പ്രവേശിക്കവേ മോഹന്‍ലാലിന് ഡിറ്റക്ടര്‍ പരിശോധന ഒഴിവാക്കിയതും മമ്മൂട്ടിയെ പരിശോധിക്കുന്നതുമായ ചിത്രങ്ങളാണ് മറ്റൊന്ന്. എന്നാല്‍ സ്വന്തം മകളുടെ വിവാഹനത്തിന് സുരേഷ്ഗോപിയെ പോലും പരിശോധിച്ചാണ് കടത്തിവിട്ടതെന്നു പറഞ്ഞ് ആ ചിത്രം സഹിതം മറുപടി നല്‍കുകയാണ് ഒരു വിഭാഗം. മോഹന്‍ലാല്‍ കേണല്‍ പദവി വഹിക്കുന്നയാളായതിനാലാണ് പരിശോധന നടത്താതിരുന്നതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് മറ്റ് വിവാഹങ്ങള്‍ മാറ്റിവച്ചെന്ന ആരോപണത്തിന് പ്രധാനമന്ത്രി മറ്റ് വധൂവരന്മാരെ അനുഗ്രഹിക്കുന്ന ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ട് മറുപടി നല്‍കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയായി.