സ്വന്തം ലേഖകൻ
തൃശൂർ: ഒരു പാട്ട് ഹിറ്റാകണമെങ്കിൽ സംഗീതസംവിധായകൻ മാത്രം വിചാരിച്ചാൽ പോരെന്നും അതിന് നല്ല ഗായകർ കൂടി വേണമെന്നും സംഗീതസംവിധായകൻ മോഹൻസിത്താര. ഇളയരാജ എന്തുകൊണ്ടാണ് എസ്.പി.ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമെതിരെ നിയമനടപടിക്കൊരുങ്ങുന്നതെന്നറിയില്ല. അത്തരമൊരു നടപടി ശരിയല്ലെന്നാണ് താൻ കരുതുന്നതെന്നും മോഹൻസിത്താര പറഞ്ഞു.
നമുക്ക് മാത്രം കേൾക്കാനും ആസ്വദിക്കാനുമല്ലല്ലോ സംഗീതസംവിധായകൻ പാട്ടിന് ഈണം പകരുന്നത്. ആസ്വാദകർ അത് പാടുന്പോഴാണ് അത് ഹിറ്റാകുന്നത്. അതേസമയം സംഗീതസംവിധായകൻ ഈണം നൽകുന്ന പാട്ട് പിന്നീട് പലരും പാടി വരുമാനമുണ്ടാക്കുകയും കഷ്ടപ്പെട്ട് ഈണം നൽകിയ ആ സംഗീതസംവിധായകന് ആകെ ഒരേയൊരു തവണ മാത്രം വരുമാനം ലഭിക്കുന്ന സ്ഥിതിയുമുണ്ട്.
അതൊഴിവാക്കാനായിരിക്കാം ഇളയരാജ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് കരുതുന്നു. പാട്ട് ഹിറ്റാകുന്പോൾ ഗായകർ ഓർക്കപ്പെടുകയും അതിന് ഈണം നൽകിയ പാവം സംഗീതസംവിധായകൻ മറക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. സംഗീതസംവിധായകന് വണ്‍ടൈം പെയ്മെന്റും പാട്ടുകാർക്ക് കണ്ടിന്യൂസ് പെയ്മെന്റും കിട്ടുന്ന സ്ഥിതിയുണ്ട്. അതിനൊരു മാറ്റം ആവശ്യമാണെന്ന് കരുതുന്നുവെന്നും മോഹൻസിത്താര പറഞ്ഞു.
ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കുമെതിരെ സംഗീതസംവിധായകൻ ഇളയരാജ തന്റെ പാട്ടുകൾ അനുമതിയില്ലാതെ വിവിധ വേദികളിൽ ആലപിച്ചെന്നാരോപിച്ച് നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ്. ഇരുവർക്കുമെതിരെ ഇളയരാജ വക്കീൽ നോട്ടീസയച്ച വിവരം ഫെയ്സ് ബുക്കിലൂടെ എസ്.പി.ബാലസുബ്രഹ്മണ്യം തന്നയാണ് വെളിപ്പെടുത്തിയത്.
പകർപ്പാവകാശം ലംഘിച്ചതിനാൽ വലിയ തുക അടക്കേണ്ടി വരുമെന്നാണ് നോട്ടീസിലുള്ളതെന്നും എസ്.പി.ബി വിശദീകരിച്ചിട്ടുണ്ട്.