കോട്ടയം നഗരത്തിലൂടെ ഉന്തുവണ്ടിയിൽ നാരങ്ങാ-പച്ചക്കറി വ്യാപാരവുമായി മോഹനൻ. – അനൂപ് ടോം
ജിബിൻ കുര്യൻ
കോട്ടയം: നാരങ്ങാ… നെല്ലിക്കാ…. മാന്പഴമേ.. കോട്ടയം നഗരത്തിൽ രാവിലെ മുഴങ്ങി കേൾക്കുന്ന ശബ്ദമാണിത്.കഴിഞ്ഞ 40 വർഷമായി ഈ ശബ്ദം കോട്ടയം നഗരവാസികൾക്ക് സുപരിചിതമാണ്.
കോട്ടയം ചാലുകുന്ന് ചിറയിൽപാടം ടി. മോഹനനാണ് ഉന്തുവണ്ടിയിൽ നാരങ്ങയും നെല്ലിക്കയും പഴങ്ങളും പച്ചക്കറികളുമായി നഗരപ്രദേശങ്ങൾ കയറിയിറങ്ങുന്നത്.
ഉന്തുവണ്ടിയിൽ ഇപ്പോഴും വ്യാപാരം നടത്തുന്ന നഗരത്തിലെ അപൂർവമായ വ്യക്തികളിലൊരാളായ മോഹനൻ കോട്ടയം നിവാസികൾക്ക് നാരങ്ങാ മോഹനനാണ്.
പുലർച്ചെ ആറിന് കോട്ടയം മാർക്കറ്റിലെത്തി വിൽപ്പനയ്ക്കുള്ള നാരങ്ങയും നെല്ലിക്കയും പഴങ്ങളും പച്ചക്കറികളുമായി ഉന്തുവണ്ടിയിൽ ചാലുകുന്നിലെത്തും. 9.30വരെ ഇവിടെയാണ് മോഹനന്റെ കച്ചവടം.
കവലയിൽ സ്ഥിരം കച്ചവടക്കാർ ധാരാളമുണ്ട്. പിന്നെ നഗരത്തിന്റെ ഓരോ പ്രദേശത്തേക്കും ഉന്തുവണ്ടിയുമായി പോകും. സാധനങ്ങളും വിലയും ഉറക്കെ വിളിച്ചു പറഞ്ഞുള്ള കച്ചവടമാണ് മോഹനന്റേത്.
ഓരോ ദിവസവും ഓരോ പ്രദേശത്തേക്കാണ്. തിങ്കളും വ്യാഴവും കഞ്ഞിക്കുഴി റൂട്ടാണ്. ചൊവ്വാഴ്ച അറുത്തൂട്ടി-ഇല്ലിക്കൽ വഴിയാണ്. ബുധനാഴ്ച് വാരിശേരിക്കു പോകും.വെള്ളിയാഴ്ച്ച പുത്തനങ്ങാടി പ്രദേശമാണ്.
ശനിയാഴ്ച തിരുനക്കരയ്ക്കു ചുറ്റും ഉന്തുവണ്ടിയിൽ വലം വയ്ക്കും. ഞായറാഴ്ച വിശ്രമമാണ്. നാരങ്ങയും നെല്ലിക്കയും മാങ്ങയുമാണ് പ്രധാന വ്യാപാരം. ഇടയ്ക്ക് മാന്പഴവും ഉണ്ടാകും.
മുരിങ്ങയ്ക്ക, ഏത്തക്ക, പയർ, ചീര, കൊച്ചുള്ളി തുടങ്ങിയവയും മിക്ക ദിവസവുമുണ്ടാകും. നഗരപ്രദേശത്തെ വീടുകളിൽ കേന്ദ്രീകരിച്ചാണ് കച്ചവടം കൂടുതലും.
ബസ് സ്റ്റോപ്പുകളിലും കവലകളിലും മോഹനന്റെ ഉന്തുവണ്ടിയും കാത്തുനിൽക്കുന്നവരുമുണ്ട്. നഗരത്തിലെ മിക്ക വീടുകളിലും മോഹനൻ ഒരു വ്യാപാരി മാത്രമല്ല.
നാട്ടുവർത്തമാനങ്ങളുമായി എത്തുന്ന മോഹനൻ വീട്ടുകാർക്ക് വീട്ടുവർത്തമാനങ്ങൾ പറയുന്ന നല്ല ഒരു സുഹൃത്തുകൂടിയാണ്. 40 വർഷത്തെ പരിചയമുണ്ട് മിക്ക വീടുകളുമായി.
ഉച്ചകഴിഞ്ഞ് രണ്ടോടെ സാധനങ്ങൾ മുഴുവൻ വിറ്റു തീരും. വീട്ടിലെത്തിയാണ് ഉച്ചയൂണ്. പിന്നെ വിശ്രമം. ഗുണനിലവാരമുള്ള നല്ല സാധനങ്ങൾ ന്യായ വിലയ്ക്ക് നൽകുക എന്നതാണ് മോഹനന്റെ പ്രത്യേകത.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്ന കാലത്തോളം വണ്ടി ഉന്താനാണ് മോഹനന്റെ തീരുമാനം.ഇന്ധനവില വർധനവിന്റെ ഇക്കാലത്ത് ഉന്തുവണ്ടിയിലെ കച്ചവടം ലാഭവും ഒരു വ്യായാമവുമാണെന്നാണ് മോഹനൻ പറയുന്നത്.
ഭാര്യ ലില്ലിയും മക്കളായ സൈനിയയും ബിനിയും മോഹനന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.