ഭോപ്പാൽ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഹിന്ദു ദൈവങ്ങളായ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടിവരുമെന്നു ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹൻ യാദവ്.
പൗരന്മാർക്ക് അവരുടെ മതങ്ങൾ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ നിലനിൽക്കുമ്പോൾ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്നതിനാൽ പൗരന്മാർ ദേശസ്നേഹമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി.
“ഈ മണ്ണിൽനിന്ന് ഭക്ഷിച്ച് മറ്റൊരിടത്തോട് കൂറുണ്ടാകുന്നത് ശരിയല്ല. ഭാരതത്തിൽ ജീവിക്കണമെങ്കിൽ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടതുണ്ട്. രാജ്യത്ത് ഹിന്ദു-മുസ് ലിം എന്ന വേർതിരിവ് കണക്കാക്കിയിട്ടില്ല.
എന്നാൽ രാജ്യത്തിന് ദൈവത്തെ മനസിലാക്കുന്നവരെയും, ദൈവസൃഷ്ടികളെ വിലമതിക്കുന്നവരെയുമാണ് വേണ്ടത്. ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ് ലിം കവികളായ റഹീമും റസ്ഖാനും ഇവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.