ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തി സമീപത്തെ ഫ്ളാറ്റുകളിൽ മാറിമാറി 16 വർഷമായി ഒറ്റയ്ക്കു താമസിച്ചിരുന്ന മോഹനയമ്മ ഒടുവിൽ മകന്റെ കുടുംബത്തിനൊപ്പം മടങ്ങി.
ചെന്നൈയിൽ പ്രഫഷണൽ സോഷ്യൽ വർക്കർ ആയിരുന്ന മോഹന മേനോൻ എന്ന മോഹനയമ്മ(89) തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഗുരുവായൂർ അന്പല പരിസരത്തുള്ള ഫ്ളാറ്റുകളിൽ ഒറ്റയ്ക്കു താമസമാക്കിയിരുന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി ഓർമക്കുറവ് മൂലം അവശയായ ഇവരുടെ അവസ്ഥ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഉടമസ്ഥൻ ആർഡിഒയെ അറിയിക്കുകകയായിരുന്നു. ആർഡിഒയുടെ ഇടപെടൽമൂലം അമേരിക്കയിലുള്ള മക്കളിൽ ഒരാളുടെ ചെന്നൈയിലുള്ള ഭാര്യ ജലജകുമാരി എത്തി അമ്മയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
വാടക നല്കിയിരുന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളിലൂടെയാണ് മോഹനയമ്മയുടെ വിവരങ്ങൾ ശേഖരിച്ചത്. തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ലാതിരുന്ന മോഹനയമ്മയ്ക്കു ജില്ലാ ഭരണകൂടം ഇടപെട്ട് താത്കാലിക രേഖകൾ നൽകി ചെന്നൈയിലേക്കു വിമാനയാത്രയ്ക്കുള്ള സൗകര്യം ഒരുക്കി.
ഓർമക്കുറവു മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു മോഹനയമ്മ. കഴിഞ്ഞ ദിവസം ഫ്ളാറ്റിന്റെ താക്കോൽ കാണാനില്ലാതെ അകത്തു കയറാനാകാതെ വിഷമിച്ചു. ഒടുവിൽ അഗ്നിശമനസേന എത്തിയാണു തുറന്നുകൊടുത്തത്.
താക്കോൽ കാണാതാവുന്ന സംഭവം മുന്പും ഉണ്ടായിട്ടുണ്ടത്രേ. ഫ്ളാറ്റ് ഉടമ അറിയിച്ചതനുസരിച്ച് ആർഡിഒ മോഹനയമ്മയുടെ മക്കളെ ഫോണിൽ വിളിച്ച് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ മോഹനയമ്മയ്ക്കു മൂന്നു മക്കളാണ്; ഒരു മകനും രണ്ടു പെണ്മക്കളും. എല്ലാവരും വിദേശത്താണ്.
ആർഡിഒ എൻ.കെ. കൃപ, ടെക്നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ, ഗോപാലകൃഷ്ണൻ, പ്രകാശ് ചന്ദ്രൻ എന്നിവരും മോഹനയമ്മയെ യാത്രയാക്കാൻ അവർ താമസിച്ചിരുന്ന ഹരികൃഷ്ണ അപ്പാർട്ടുമെന്റിൽ എത്തിയിരുന്നു.