ഒറ്റപ്പാലം: മകന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്.
കീഴൂർ വടക്കേ പുരക്കൽ മോഹനൻ (59) കണ്ണിയംപുറത്തെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടന്നും ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനു പിന്നിൽ ആശങ്കയുണ്ടെന്നും മോഹനന്റെ പിതാവും സഹോദരങ്ങളും ആരോപിച്ചു.
മോഹനന്റേതു കൊലപാതകമാണെന്ന് ഇവർ ആവർത്തിച്ചു പറയുന്നു. കണ്ണിയംപുറത്തെ വീട്ടിൽ മോഹനൻ മരിച്ചതായി വിവരം ലഭിക്കുന്നതു മാർച്ച് ഒന്പതിനു പുലർച്ചെയാണ്.
വിവരമറിഞ്ഞെത്തിയ സഹോദരങ്ങൾ ഉൾപ്പടെയുള്ള ബന്ധുക്കൾ വീടിന്റെ ഹാളിൽ ദേഹമാസകലം മുറിവേറ്റു രക്തം വാർന്നും കൈയിലെ അസ്ഥിക്കു ക്ഷതമേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തപ്പാടുകൾ ദൃശ്യമായിരുന്നെന്നും ഇവർ പറയുന്നു. അന്വേഷണത്തിൽ ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്നായിരുന്നു മോഹനന്റെ ഭാര്യയുടേയും കൂടിനിന്നവരുടെയും പ്രതികരണം.
ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന മോഹനൻ കണ്ണിയംപുറത്ത് വീടു വാങ്ങിയശേഷം ഭാര്യയുമായാണ് താമസിച്ചുവന്നിരുന്നത്.
എന്നാൽ, ഒരുമിച്ച ശേഷവും ഇവർക്കിടയിലുണ്ടായിരുന്ന അകൽച്ചയ്ക്കു മാറ്റമുണ്ടായിരുന്നില്ലെന്നു മോഹനൻ പറഞ്ഞിരുന്നതായി സഹോദരങ്ങൾ വെളിപ്പെടുത്തി.
വീടിന്റെ പുറത്തെ ഓഫീസ് മുറിയിൽ സ്ഥിരമായി കിടക്കാറുണ്ടായിരുന്ന മോഹനന്റെ മൃതദേഹം വീടിനകത്തെ ഹാളിൽ കണ്ടെത്തിയതും ദുരൂഹത ഇരട്ടിപ്പിക്കുന്നു.
മോഹനനു വീടിനകത്തേക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. സംഭവസമയം ഇവരുടെ മകനോ മകളോ സ്ഥലത്തുണ്ടായിരുന്നില്ല.
സംസ്കാരത്തിനു തിടുക്കം കൂട്ടുന്നതിനിടയിൽ പിതാവ് കൃഷ്ണനും സഹോദരങ്ങളും ചേർന്ന് ഒറ്റപ്പാലം പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടന്നത്.
പിറ്റേന്നു മൃതദേഹം ഏറ്റുവാങ്ങുന്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് 10 ദിവസത്തിനകം ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
മോഹനൻ മരിച്ച വിവരം പുലർച്ച അറിയിച്ചതു ഭാര്യാസഹോദരൻ ആയിരുന്നെന്നും എന്നാൽ വിളിച്ചറിയിച്ച ഫോണ് പിന്നീട് നഷ്ടപ്പെട്ടതായാണ് ഇവരുടെ വെളിപ്പെടുത്തലെന്നും ബന്ധുക്കൾ ആരോപിച്ചു.
പ്രത്യേകിച്ച് ഒരു അസുഖവുമില്ലാതിരുന്ന മോഹനൻ സംഭവദിവസവും ആശാരിപ്പണിക്കു പോയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ലെന്നും മരണത്തിലെ ദുരൂഹത നീക്കാൻ ആവശ്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കാണിച്ച് ഷൊർണൂർ ഡിവൈഎസ്പിക്ക് 18നു പരാതി നല്കിയതാണ്.
എന്നാൽ, തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
വാർത്താസമ്മേളനത്തിൽ പിതാവിനു പുറമേ സഹോദരങ്ങളായ രവിശങ്കർ, പ്രേമലത, രാജഗോപാലൻ, രുഗ്മിണി എന്നിവരും പങ്കെടുത്തു.