പൂച്ചാക്കൽ: വൃക്കരോഗത്തെ തുടർന്ന് മരണമടഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് വീടു നിർമിച്ചു നൽകുന്നു. അരൂക്കുറ്റി കോണ്ഗ്രസ് മണ്ഡലം കമ്മറ്റിയാണ് മുൻ സെക്രട്ടറി ആയിരുന്ന അരൂക്കുറ്റി പഞ്ചായത്ത് വടുതല കൊടിയൻ തറയിൽ മോഹനന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്. മോഹനൻ ഏതാനും മാസങ്ങൾക്കു മുന്പ് വൃക്കരോഗം ബാധിച്ച് മരിച്ചിരുന്നു.
രോഗിയായ ഭാര്യയും വിവാഹപ്രായമായ മകളും പ്ലാസ്റ്റിക്ക് മേഞ്ഞ കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഈ ദയനീയാവസ്ഥ കണക്കിലെടുത്ത് വീടു നിർമിച്ചു നൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചത്. രണ്ടുമുറി, അടുക്കള, വരാന്ത അടങ്ങുന്ന കോണ്ക്രീറ്റ് വീടാണ് നൽകുന്നത്.
വീടിന്റെ താക്കോൽദാനം ഓഗസ്റ്റ് ഒന്നിന് രാവിലെ ഒന്പതിന് വടുതല ജംഗ്ഷനു കിഴക്ക് പാട്ടത്തിൽ പുരയിടത്തിൽ നടക്കുന്ന യോഗത്തിൽ വെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താക്കോൽദാനം നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് ഇ.കെ. കുഞ്ഞപ്പൻ അധ്യക്ഷത വഹിക്കും. കെ.സി വേണുഗോപാൽ എംപി, മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികളായ ഇ.കെ. കുഞ്ഞപ്പൻ, എൻ.എം. ബഷീർ തുടങ്ങിയവർ അറിയിച്ചു.