മംഗളൂരു: ഇരുപത് യുവതികളെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന മോഹൻ കുമാറിന് പത്തൊമ്പതാമത്തെ കേസില്‍ ജീവപര്യന്തം തടവ്.
കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനി ആരതി നായക് (23) വധിക്കപ്പെട്ട കേസിലാണ് ശിക്ഷ.
അഞ്ച് കൊലപാതകക്കേസുകളില്‍ വധശിക്ഷയും പതിമൂന്ന് കേസുകളില്‍ ജീവപര്യന്തവുമാണ് മോഹന്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. വധശിക്ഷയില്‍ രണ്ടെണ്ണം അപ്പീല്‍കോടതി ജീവപര്യന്തമായി കുറച്ചു.
ഒരു കേസില്‍ മാത്രമാണ് ഇതുവരെ വധശിക്ഷ ഹൈക്കോടതി ശരിവച്ചിട്ടുള്ളത്.
ഇനി ഒരു കൊലക്കേസില്കൂടി മോഹന്‍ ശിക്ഷാവിധി ലഭിക്കാനുണ്ട്. കാസര്‍ഗോഡ് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതി(21)യെ കൊലപ്പെടുത്തിയ കേസാണ് ഇത്.
ആരതി നായക് കേസില്‍ ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയുമാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സൈദുന്നീസ വിധിച്ചത്. മറ്റ് കേസുകളിലെ ജയില്‍ശിക്ഷയ്ക്ക് ശേഷമാകും ഈ കേസിലെ ശിക്ഷ ആരംഭിക്കുകയെന്നും വിധിയില്‍ പറയുന്നു.
മംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ആരതി 2006 ജനുവരിയിലാണ് കൊല്ലപ്പെട്ടത്. മറ്റു യുവതികളുടെ കാര്യത്തിലെന്നപോലെ ആരതിയുമായി പ്രണയം നടിച്ച് കൂടെക്കൂടിയ മോഹന്‍കുമാര്‍ വിനോദയാത്രയ്ക്കെന്ന പേരില്‍ മൈസൂരിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
അവിടെ ലോഡ്ജ് മുറിയില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുകയും അടുത്ത ദിവസം രാവിലെ ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്ന പേരില്‍ സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുപോയി അവിടെവച്ചാണ് ഗുളിക നല്‍കിയത്. ഗുളിക കഴിച്ച ആരതി ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു.
തിരികെ ലോഡ്ജിലെത്തിയ മോഹന്‍കുമാര്‍ അവിടെ അഴിച്ചുവച്ചിരുന്ന ആരതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങിയതായും കുറ്റപത്രത്തില്‍ പറയുന്നു.