മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചവരാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം പോലുള്ള ചിത്രങ്ങൾ എടുത്തു പറയേണ്ടതു തന്നെ.
മികച്ച തിരക്കഥകളിൽ കുടുംബ ചിത്രങ്ങൾ അണിയിച്ചൊരുക്കി മുന്നേറിയ ഈ കൂട്ടുകെട്ടിനിടയിൽ ഉണ്ടായ ഒരു സൗന്ദര്യപ്പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
വരവേൽപ്പ് (1989) എന്ന സിനിമയ്ക്ക് ശേഷം 1994-ൽ പിൻഗാമി’ ഉണ്ടാവുന്നത് വരെയാണ് ആ പിണക്ക കാലം. പിന്നീട് പിൻഗാമിക്കും രസതന്ത്രത്തിനും ഇടയിൽ 12 വർഷത്തെ ഇടവേള വീണ്ടും വന്നു. വിചാരിച്ച സമയത്ത് മോഹൻലാലിനെ കിട്ടാത്തതായിരുന്നു സത്യൻ അന്തിക്കാടിന്റെ പിണക്കത്തിന് കാരണം.
ആ കാലയളവിൽ മുഴുവനും തിരക്കേറിയ നടനായി മോഹൻലാലും അത്രതന്നെ തിരക്കുള്ള സംവിധായകനായി സത്യൻ അന്തിക്കാടും മാറി. മോഹൻലാൽ പോലും അറിയാത്ത ആ പിണക്കത്തിനിടെ അവർ കാണുകയും സംസാരിക്കുകയും ചെയ്തു.
ഹ്യൂമർ പറയുന്നതിനേക്കാളും എൻജോയ് ചെയ്യുന്ന ആളാണ് സത്യൻ അന്തിക്കാടെന്നും അവർ തങ്ങളിൽ ചിരിച്ച ശേഷം മാത്രമേ പ്രേക്ഷകർക്ക് ചിരിക്കാനുള്ള അവസരം നൽകൂ എന്ന് മോഹൻലാൽ ഒരിക്കൽ പറഞ്ഞിരുന്നു.
ഒന്നിച്ചു ചെയ്ത ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഒരു ആശാരി പണിക്കാരൻ എന്ന ആ കഥാപാത്രത്തിൽ നിന്നുമാണ് രസതന്ത്രം സിനിമയിലേക്കെത്തിയത്.
പക്ഷെ അപ്പോഴേക്കും ശ്രീനിവാസൻ, ലോഹിതദാസ്, രഘുനാഥ് പലേരി പോലുള്ള തിരക്കഥാകൃത്തുക്കൾ കിട്ടാതായി. ഈ സിനിമയ്ക്കായി തിരക്കഥാകൃത്തിന്റെ ജോലി സത്യൻ അന്തിക്കാട് സ്വയം ഏറ്റെടുക്കുകയായിരുന്നു.
1997ൽ ഇറങ്ങിയ തമിഴ് ചിത്രം ഇരുവർ സെക്കന്റ് ഷോ കണ്ടയുടൻ മോഹൻലാലിനെ വിളിച്ച് അഭിനന്ദിച്ചതിനെപ്പറ്റി സത്യൻ അന്തിക്കാട് പറഞ്ഞതും വൈറലായിരുന്നു. തൃശൂർ ടൗണിൽ ഇരുവർ സിനിമ കണ്ട് വീട്ടിലെത്താനുള്ള ക്ഷമയില്ലായിരുന്നു സത്യൻ അന്തിക്കാടിന്. മൊബൈൽ ഫോണ് ഇല്ലാത്ത കാലം. ലാലിനെ വിളിച്ചേ തീരൂ എന്നായി.
ആ സിനിമ അത്ര കണ്ട് ആകർഷിച്ചിരുന്നു. അങ്ങനെ ഗോവയിലേക്ക് ഒരു എസ് റ്റി ഡി ബൂത്തിൽ കയറി പാതിരാത്രി മോഹൻലാലിനെ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു സത്യൻ അന്തിക്കാട്. -പിജി