കോളിളക്കം സൃഷ്ടിച്ച കേസുകളിൽ അകത്തായിട്ടും മോഹന്‍ അത്ര വലിയ കുലുക്കമൊന്നും ഇല്ലായിരുന്നു. തന്റെ കേസ് സ്വയം വാദിക്കാനാണ് അയാൾ തീരുമാനിച്ചത്.
താന്‍ ഇരകള്‍ക്കു സയനൈഡ് നല്കി കൊലപ്പെടുത്തി എന്നതു ശരിയല്ലെന്നും അതിനു തെളിവില്ലെന്നുമായിരുന്നു അയാളുടെ പ്രധാന വാദം. എന്നാൽ, മോഹന്‍ സയനൈഡ് കൈമാറിയെന്ന അബ്ദുള്‍ സലാമിന്റെ മൊഴി നിര്‍ണായകമായി.
അതേപോലെ ഭാഗ്യംകൊണ്ടു മോഹന്‍ കുമാറിന്റെ മരണവലയില്നിന്നു രക്ഷപെട്ട യുവതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യമായി സാക്ഷിമൊഴി നൽകി. സ്കൂളിലെ ഹാജർ രേഖകളും മോഹനു വലിയ തിരിച്ചടിയായി. കാരണം ഈ യുവതികൾ മരണപ്പെട്ട ദിവസങ്ങളിലൊന്നും ഇയാൾ താൻ ജോലി ചെയ്യുന്ന സ്കൂളിൽ എത്തിയിരുന്നില്ല എന്നു വ്യക്തമായി.
അതോടെ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും വയോധികരായ മാതാപിതാക്കൾക്കു താൻ മാത്രമേ ആശ്രയമുള്ളൂ എന്നും തന്നെ വെറുതെ വിടണമെന്നും അയാൾ അപേക്ഷിച്ചു. എന്നാൽ, 2013 ഡിസംബര്‍ 17ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ബി കെ നായക്, അനിത, ലീലാവതി, സുനന്ദ എന്നിവരുടെ കേസില്‍ മോഹന്‍ കുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തി.
അവർ ജീവനൊടുക്കി!
താൻ ആരെയും കൊന്നിട്ടില്ലെന്നു മോഹൻ കുമാർ കോടതിയിൽ ആവർത്തിച്ചു വാദിച്ചു. വിവാഹം കഴിക്കാൻ സ്ത്രീകൾ ആവശ്യപ്പെടുകയും താൻ വിസമ്മതിക്കുകയും ചെയ്തതിനെത്തുടർന്ന് അവർ സയനൈഡ് കഴിച്ച് ജീവനൊടുക്കിയതാണെന്നും അയാൾ പറഞ്ഞു.
ഈ വാദങ്ങൾ തള്ളിയ കോടതി 2013ൽ വധശിക്ഷ വിധിച്ചു. അതേസമയം, മോഹൻകുമാറിന്റെ കുടുംബത്തിന്റെ നിലപാടാണ് പലരെയും അന്പരപ്പിച്ചത്. മോഹൻ കുമാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പോലീസുകാർ കുടുക്കിയതാണെന്നുമായിരുന്നു മോഹൻ കുമാറിന്റെ മൂന്നാമത്തെ ഭാര്യയുടെയും മക്കളുടെയും വാദം.
വധശിക്ഷ കാത്ത്
അവസാനത്തെ ഇരയായ പുഷ്പാവതിയെ കൊലപ്പെടുത്തിയ കേസിൽ മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
ഇതിനു മുന്‍പ് 19 യുവതികളെ കൊലപ്പെടുത്തിയ കേസിൽ നേരത്തേ ആറു കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും ശിക്ഷ ലഭിച്ചിരുന്നു. ഇതിൽ ഒരു കേസിൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. രണ്ടു കേസുകളിലെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷാവിധികളിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.
സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു
ഏറെ കുപ്രസിദ്ധി നേടിയ കൊലപാതക ചരിത്രമാണ് സയനൈഡ് മോഹനുള്ളത്. ആറു കേസുകളില്‍ വധശിക്ഷയും പത്തു കേസുകളില്‍ ജീവപര്യന്തവും മറ്റ് കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത സയനൈഡ് മോഹനന്റെ ജീവിതം ഒടുവിൽ വെള്ളിത്തിരയിലും എത്തുകയാണ്.
ദേശീയ അവാര്‍ഡ് ജേതാവായ രാജേഷ് ടച്ച്റിവര് ആണ് സയനൈഡ് മോഹനന്റെ ജീവിതം വെള്ളിത്തിരയിലേക്കു പകര്‍ത്തുന്നത്. താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.
ചിത്രം ബംഗളൂരു, മംഗളൂരു, കൂര്‍ഗ്, മടിക്കേരി, ഗോവ, കാസര്‍കോഡ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.
കമല്‍ ഹാസന് നായകനായ ഉത്തമവില്ലന്‍, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ക്കു കാമറ ചലിപ്പിച്ച സാദത്ത് സൈനുദീന്‍ ആണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ. പത്മശ്രീ സുനിത കൃഷ്ണനാണ് ചിത്രത്തിന്റെ ഉള്ളടക്ക ഉപദേഷ്ടാവ്.
ജോര്‍ജ് ജോസഫാണ് സംഗീത സംവിധാനം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തീരുന്ന മുറയ്ക്കു ചിത്രീകരണം ആരംഭിക്കും. പ്രവാസിയായ പ്രദീപ് നാരായണന് നിര്‍മിക്കുന്ന ചിത്രം മിഡില്‍ ഈസ്റ്റ് സിനിമ പ്രൈവറ്റ് ലിമിറ്റഡാണ് പുറത്തിറക്കുക. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുക. (അവസാനിച്ചു)
തയാറാക്കിയത്: റെനീഷ് മാത്യു