ആലപ്പുഴ: അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർ അറസ്റ്റിൽ. ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിൽ കായംകുളം പോലീസാണു വൈദ്യരെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിനു ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിത്സ കൊണ്ടു മരിച്ചു എന്നാണ് ആരോപണം. പൊതുപ്രവർത്തകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ മോഹനനെതിരേ മാരാരിക്കുളം പോലീസ് കേസെടുത്തു. മോഹനന്റെ ചികിത്സാ കേന്ദ്രം കായംകുളത്തായതിനാൽ അന്വേഷണം പിന്നീട് കായംകുളം പോലീസിനു കൈമാറുകയായിരുന്നു.
കുഞ്ഞു മരിച്ച സംഭവത്തിൽ മോഹനനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകിയിരുന്നു.