തൊടുപുഴ: കാലവർഷത്തെ തുടർന്ന് കലങ്ങി മറിഞ്ഞൊഴുകുന്ന തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടത്തിലേറി നടൻ മോഹൻലാൽ. നടന്റെ സാഹസികതയിൽ കൈയടിച്ച് സോഷ്യൽ മീഡിയ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയിൽ തടിച്ചങ്ങാടത്തിലേറിയത്.
ഏറെ സാഹസികമായ ചിത്രീകരിച്ച രംഗത്തിൽ മറ്റാരും ഇല്ലാതെയാണ് വലിയ തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ മോഹൻലാൽ അഭിനയിച്ചത്.
ചങ്ങാടം പുഴയിലെ ഒഴുക്കിൽ മുളങ്കന്പുപയോഗിച്ച് നീക്കുന്നതായിരുന്നു ചിത്രീകരിച്ചത്.
കയർ കെട്ടിയതല്ലാതെ മറ്റു സുരക്ഷാ സംവിധാനമൊന്നും ഇല്ലാതെയായിരുന്നു പുഴയിൽ ചങ്ങാടം ഇറക്കിയത്.
ചിത്രീകരണ രംഗങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ നടനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി.
കൂലം കുത്തിയൊഴുകുന്ന പുഴയിൽ ചിത്രീകരിച്ച രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച മോഹൻലാലിന്റെ ധൈര്യത്തെയാണ് എല്ലാവരും അഭിനന്ദിച്ചത്.
എം.ടി,വാസുദേവൻ നായരുടെ കഥയിലാണ് പ്രിയദർശൻ ചിത്രം ഒരുക്കുന്നത്.
സന്തോഷ് ശിവനാണ് കാമറ കൈകാര്യം ചെയ്യുന്നത്. 1070-ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാന ചെയ്ത ഓളവും തീരവും സിനിമയുടെ പുനരാഖ്യാനമാണ് പ്രിയദർശൻ ഒരുക്കുന്നത്.
ബാപ്പുട്ടി എന്ന നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.