ചേര്‍ത്തല: തന്റെ മരണവും ചര്‍ച്ചയാക്കിയാണ് മോഹനന്‍വൈദ്യരുടെ വിടവങ്ങല്‍. നിരന്തരം അലോപ്പതിയേയും ആധുനിക ശാസ്ത്രതത്വങ്ങളെയും വെല്ലുവിളിച്ച് പോരാടിയ വൈദ്യര് അവസാനം പറഞ്ഞത് തന്റെ കൈയില്‍ കൊറോണയ്ക്കും മരുന്നുണ്ടെന്നായിരുന്നു.
നിരവധിയാളുകളെ ചികിത്സിച്ചിരുന്നതുമാണ്. എന്നാല്‍ ഇപ്പോൾ ഈ കൊറോണ തന്നെ വൈദ്യരുടെ ജീവന് ഭീഷണിയായത് വൈദ്യശാസ്ത്രത്തില്‍ ഒരു ചര്‍ച്ചയായി.
കൊട്ടാരക്കര സ്വദേശിയായ മോഹനന് വൈദ്യര് 20 വര്‍ഷമായി ചേര്‍ത്തലയിലാണ് താമസം. നാട്ടുവൈദ്യത്തില്‍ പേരുകേട്ട മോഹനന്‍വൈദ്യര്‍ സാമൂഹികമാധ്യമത്തിലൂടെയാണ് പ്രശസ്തിയാര്‍ജിച്ചത്.
പച്ചമരുന്നുകളും ആയൂര്‍വേദവും ഒരുമിച്ച് സംയോജിപ്പിച്ചുള്ള ചികിത്സയായിരുന്നു വൈദ്യരുടേത്. ചേർത്തല മതിലകത്തിനുസമീപം ജനകീയ നാട്ടുവൈദ്യശാല എന്ന പേരിലാണ് ചികിത്സ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
വടക്കന്‍ കേരളത്തില്‍ നിന്നാണ് കൂടുതലായും രോഗികള്‍ എത്തിയിരുന്നത്. പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്.
വൈദ്യരുടെ ചികിത്സാ രീതികളിലെ അശാസ്ത്രീയതയുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
പ്രോപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗമുണ്ടായിരുന്ന ഒരു കുഞ്ഞ് ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തിൽ മാരാരികുളം പോലീസ് നരഹത്യ കേസ് ചുമത്തി കേസ് എടുത്തിരുന്നു.
നിപ വൈറസ് ഇല്ല എന്നും കാൻസർ അസുഖം ഇല്ല എന്നും പറഞ്ഞു നടന്നിരുന്ന മോഹനൻ കോവിഡ് വൈറസിനെതിരായ മരുന്ന് കണ്ടുപിടിച്ചു എന്നുപറഞ്ഞ് ചികിത്സ നടത്തിയതിനും പോലീസ് കേസ് എടുത്തിരുന്നു.
തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സയുടെ പേരിലും അറസ്റ്റിലായി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ആള്‍മാറാട്ടം, വഞ്ചന, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ചികിത്സ നടത്തുന്നതില്‍ നിന്നും ആരോഗ്യവകുപ്പ് വിലക്കിയിരുന്നു.
ഇതിനിടയിലാണ് വൈദ്യര് അസുഖബാധിതനാകുന്നത്. പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ വൈദ്യരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.