എസ്. മഞ്ജുളാദേവി
“”എന്റെ അമ്മാവന്റെ (അടൂർ ഭാസി) രൂപവും ഭാവവുമെല്ലാം എന്റെ രക്തത്തിലൂടെ എനിക്കു ലഭിച്ചതാണ്. അഭിനയജീവിതത്തിൽ ബോധപൂർവം ഞാനൊരിക്കലും ഭാസി മാമനെ അനുകരിച്ചിട്ടില്ല.
മാത്രമല്ല ആ അഭിനയശൈലിയിൽനിന്ന് പരമാവധി മാറിനില്ക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഏതോ ഘടകങ്ങൾ ആണ് എന്നെ ഇങ്ങനെ ആക്കി തീർക്കുന്നത്.”-
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് അടൂർ ഭാസിയുടെ രൂപവും അഭിനയവും അനന്തരവനായ ബി. ഹരികുമാറിന് അതേപടി കിട്ടിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു ഇങ്ങനെയാണ് ബി. ഹരികുമാർ മറുപടി നല്കിയത്.
മലയാളസാഹിത്യത്തിലെ കുലപതിയായ സി.വി. രാമൻ പിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യ ചക്രവർത്തി ഇ.വി. കൃഷ്ണപിള്ളയുടെയും ചെറുമകൻ ആയിട്ട് ജനിക്കുവാൻ കഴിയുക.
അതൊരു ഭാഗ്യം തന്നെയായിരുന്നു. പോരാത്തതിനു അമ്മ ഓമനക്കുട്ടി അമ്മയുടെ സഹോദരനായിരുന്നു അടൂർ ഭാസി.
അമ്മാവനായ അടൂർഭാസിയുമായുള്ള അത്ഭുതകരമായ സാദൃശ്യത്തെക്കുറിച്ച് പലതവണ ഹരികുമാർ പറഞ്ഞിട്ടുണ്ട്.
അതീവ രസകരമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഈ പൈതൃക സന്പത്ത് മുൾക്കിരീടമായി മാറിയിട്ടുണ്ട് എന്നും അദ്ദേഹം പൊട്ടിച്ചിരിയോടെ പറയുമായിരുന്നു.
ഒരിക്കൽ ഒരു ചലച്ചിത്ര വാരികയിൽ ഒരു പ്രമുഖ സാഹിത്യകാരൻ ബി. ഹരികുമാറിന്റെ അഭിനയത്തെക്കുറിച്ചെഴുതി.
അടൂർഭാസിയെ അസഹ്യമാംവിധം അനുകരിക്കുന്നു! എന്നായിരുന്നു അത്. ഹരികുമാർ അതിനു മറുപടി എഴുതി- “”അച്ഛന്റെ ശബ്ദം നമുക്കു ജന്മം കൊണ്ട് ലഭിക്കുന്നതാണ്.
സ്വന്തമായി അച്ഛനുള്ള ആർക്കും അഭിമാനിക്കുവാൻ വകയുള്ള കാര്യമാണ് അത്. അതുപോലെയാണ് അമ്മാവന്റെ രൂപസാദൃശ്യം അനന്തരവന് ലഭിക്കുന്നത്.”
മലയാളസിനിമയുടെ സകലകലാവല്ലഭനായിരുന്ന തിക്കുറിശി ഒരിക്കൽ പറഞ്ഞു – “”നിന്നെ ടിവിയിൽ കാണുന്പോൾ നിന്റെ ഭാവങ്ങളും ചലനങ്ങളും കാണുന്പോൾ ഭാസിയെ വാർത്തുവച്ചിരിക്കുന്നതുപോലെ. ഈ അടുത്തകാലത്താണ് ഭാസിയുടെ അനന്തരവനാണ് ഹരി എന്ന് അറിഞ്ഞത്.”
അടൂർഭാസിയുമായുള്ള സമാനതയിൽ ആദ്യമൊക്കെ സന്തോഷിപ്പിച്ചിരുന്ന ഹരികുമാർ പിന്നീടാണ് അപകടം തിരിച്ചറിഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ…. “”അടൂർഭാസി എന്ന വലിയ നടനുമായി സാദൃശ്യം ഉണ്ടാവുക എന്നത് തീർച്ചയായും അഭിമാനം തന്നെയാണ്. ഒരു വ്യക്തി എന്ന നിലയിലാണ് ഈ അഭിമാനം.
എന്നാൽ ഒരു നടനെ സംബന്ധിച്ചിടത്തോളം ഈ ഒരു പ്രതിച്ഛായ വലിയ ശാപമാണ്. അതായത് ബി. ഹരികുമാറിനെ പ്രേക്ഷകർ കാണുന്നത് അടൂർഭാസിയുടെ ഛായയിൽ ആകുന്പോൾ അത്തരം ഒരു റേഞ്ചിലെ അഭിനയമാണ് അവർ പ്രതീക്ഷിക്കുന്നത്.
അഭിനയ രംഗത്ത് എനിക്കു സ്വന്തമായ വ്യക്തിത്വമില്ലെന്നും ഞാൻ എന്റെ അമ്മാവന്റെ വെറും നിഴൽ മാത്രമാണെന്നുള്ള വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.
കോമഡി റോളുകൾ വിട്ട് ഗൗരവമുള്ള റോളുകൾ ചെയ്തതുതന്നെ ഈ മുൻവിധിയുടെ ഭാരം മാറ്റാൻ വേണ്ടിയാണെന്നും ഹരികുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സീരിയസ് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തപ്പോഴും ജനം അടൂർഭാസിയെ തന്നെയാണ് എന്നിൽ തെരഞ്ഞത്. അടൂർഭാസി എന്ന കലാകാരൻ ജനമനസുകളിൽ തീർത്ത സ്വാധീനമാകാം ഇതിനു കാരണം.
അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല തന്റെ എഴുത്തിലും ഈ മുൻവിധി പ്രശ്നങ്ങൾ തീർക്കാറുണ്ട് എന്നും ഹരികുമാർ പറഞ്ഞിരുന്നു.
അമ്മയുടെ മുത്തച്ഛൻ സി.വി. രാമൻപിള്ളയുടെയും അമ്മയുടെ അച്ഛൻ ഇ.വിയുടെയും മേൽവിലാസം പലപ്പോഴും ബി. ഹരികുമാർ എന്ന എഴുത്തുകാരൻ വായിക്കപ്പെടുന്പോഴും ഉണ്ട്.
എന്റെ എഴുത്തിനെ ഒരു പ്രത്യേക തലത്തിൽ മാത്രമേ വായനക്കാർ കാണുന്നുള്ളൂ. ഈ പൈതൃക മുൻവിധി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ എന്റെ രചനകൾ വായനക്കാർ കൂടുതൽ ആസ്വദിക്കുമായിരുന്നു.
പകുതി തമാശയായും പകുതി ഗൗരവമായും ഇങ്ങനെയൊക്കെ പറയുമായിരുന്നെങ്കിലും ബി. ഹരികുമാർ ഒരുപാട് എഴുതി, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി ജീവിച്ചു. കാലം ബി. ഹരികുമാറിനു ചാർത്തി നല്കിയ പൈതൃകത്തിന്റെ സുകൃതം പോലെ….