തച്ചന്പാറ: കാട്ടുമൃഗങ്ങളിൽനിന്നു കൃഷിക്കും മനുഷ്യനും രക്ഷനേടാൻ പുതിയ കണ്ടുപിടുത്തവുമായി മോഹൻകുമാർ. ഇടക്കുർശി അജിത് എൻജിനീയറിംഗ് ഉടമയാണ് മോഹൻകുമാർ.
കാട്ടുമൃഗങ്ങൾ ചിലപ്പോഴൊക്കെ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം ഗുരുതര പ്രശ്നങ്ങളാകുന്പോൾ ഇത് തടയാൻവേണ്ടി സ്വീകരിക്കാവുന്ന പ്രായോഗികമാർഗമാണ് മോഹൻകുമാർ വികസിപ്പിച്ചത്.
കാട്ടുമൃഗങ്ങൾ കൃഷിസ്ഥലത്തേയ്ക്കു വരുന്പോൾ ലൈറ്റ് തെളിയുകയും അലാറം കേൾപ്പിക്കുന്നതുമാണ് ഉപകരണം. ചെറിയ ബാറ്ററിയിൽ ഇത് പ്രവർത്തിപ്പിക്കാനാവും.
ഇതിൽ ഉപയോഗിച്ചിരിക്കുന്ന കന്പികളിൽ സ്പർശിച്ചാൽ ഷോക്കോ മറ്റു അപകടങ്ങളോ ഉണ്ടാകില്ല,വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം കർഷകർ നേരിടുന്ന പ്രധാന ഭീഷണിയാണ്.
വിളകൾ നശിപ്പിച്ച് കർഷകരെ നഷ്ടത്തിലാക്കുന്ന ഈ ആക്രമണത്തിനുള്ള പരിഹാരവുമായാണ് മുന്പും ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള മോഹൻകുമാർ ഈ ഉപകരണം നിർമിച്ചത്. കരിന്പ മൂന്നേക്കറിൽ ഇതിന്റെ പരീക്ഷണ പ്രവർത്തനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ, ചുള്ളിയാംകുളം ഇടവകവികാരി ഫാ. ജോബി മേലാമുറി, പി.ജി.വത്സൻ, രാമചന്ദ്രൻ മാസ്റ്റർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാനുള്ള പുതിയ പരീക്ഷണ പ്രവർത്തനത്തിലാണ് ഇപ്പോൾ മോഹൻകുമാർ.