തിരൂർ: വർഷങ്ങൾ പഴക്കമുള്ള അപൂർവ നാണയങ്ങൾ, നോട്ടുകൾ, സ്റ്റാന്പുകൾ, അസൽ രത്നങ്ങൾ, പോസ്റ്റൽ ഡേ കവർ എല്ലാം പൊന്നുപോലെ സൂക്ഷിക്കുകയാണ് തിരൂർ പുറത്തൂർ കദളിക്കാട്ടിൽ മോഹൻകുമാർ. അറുപത്തിയൊന്നുകാരനായ ഇദ്ദേഹം 14 വർഷം നീണ്ട തന്റെ പ്രവാസ ജീവിതക്കാലത്ത് തുടങ്ങിയ സ്റ്റാന്പ് ശേഖരണശീലത്തിൽ നിന്നാണ് അമൂല്യങ്ങളായ നോട്ടുകളുടെയും നാണയങ്ങളുടെയും ഉടമയായത്.
1980 കാലത്താണ് സ്റ്റാന്പ് ശേഖരണം തുടങ്ങിയത്. ലക്ഷക്കണക്കിനു രൂപ വില വരുന്ന നോട്ടുകളും നാണയങ്ങളും മോഹൻകുമാറിന്റെ ശേഖരത്തിലുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല കാലങ്ങളിലായി മഹാൻമാരായ വ്യക്തികളോടുള്ള ആദര സൂചകമായി പുറത്തിറക്കിയ ’അണ് സർക്കുലേറ്റഡ്’ ഇനത്തിൽപ്പെട്ട 1000, 500, 150, 125, 100, 50, 60 രൂപയുടെ നാണയങ്ങളാണ് ഇദ്ദേഹം കൈവശമുള്ളത്.
35 ഗ്രാം തൂക്കം വരുന്ന തനി വെള്ളിയിൽ തീർത്ത 1000 രൂപയുടെ നാണയം 2010ൽ 4700 രൂപ റിസർവ് ബാങ്കിനു മുൻകൂറായി നൽകിയാണ് സ്വന്തമാക്കിയത്. 500 രൂയുടെ നാണയത്തിനാകട്ടെ 2400 രൂപയും നൽകി. 1000 രൂപയുടെ നാണയത്തിനു ഇന്നിപ്പോൾ 8000 രൂപയോളം വില വരുമെന്ന് മോഹൻകുമാർ പറഞ്ഞു.
യുഎഇയിൽ പലയിടങ്ങളിലായി ജോലി ചെയ്ത ഇദ്ദേഹം നാട്ടിലെത്തിയ ശേഷമാണ് ഈ മേഖലയിൽ സജീവമായത്. ഗവണറായിരുന്ന കെ.ആർ.കെ മേനോൻ ഒപ്പുവച്ച നോട്ടുകളും 300, 200 വർഷങ്ങൾ വരെ പഴക്കമുള്ള ചെന്പ് നാണയങ്ങളും അഹമ്മദാബാദിൽ നിന്നു വാങ്ങിയ സർട്ടിഫിക്കറ്റോടു കൂടിയ നവരത്നങ്ങളും 35 ഓളം ഉപരത്നങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽപ്പെടുന്നു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ന്യൂയിസ്മാറ്റിക്സ് സൊസൈറ്റി അംഗമാണ് മോഹൻകുമാർ. സമാന സ്വഭാവമുള്ള ന്യൂയിസ്മാറ്റിക്സ് സൊസൈറ്റി കോഴിക്കോട് ആസ്ഥാനമായും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഈ മേഖലയിൽ 2000 ത്തോളം പേരുണ്ടെന്ന് മോഹൻകുമാർ പറഞ്ഞു.
മഹാത്മാക്കളെ ആദരിക്കുന്ന രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും പുതുതലമുറയെക്കൂടി പരിചയപ്പെടുത്താനും ആയിരത്തിന്റേത് അടക്കമുള്ള നാണയങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന കാര്യം ജനങ്ങളിലേക്കെത്തിക്കാനും വേണ്ടിയാണ് തന്റെ നാണയ നോട്ട് പോസ്റ്റൽ ഡേ കവർ ശേഖരം പ്രസിദ്ധപ്പെടുത്തുന്നതെന്നും മോഹൻകുമാർ പറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ചാണ് മോഹൻകുമാർ ഇതെല്ലാം സ്വന്തമാക്കിയിരിക്കുന്നത്.