മോഹൻലാലിന്റെ അഭിനയം വല്ലാത്തൊരു ആകർഷണവും ലഹരിയുമാണെന്നാണ് ഡിവീന ഠാക്കൂർ. ജയരാജിന്റെ വീരത്തിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് ഡിവീന ഠാക്കൂർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. മോഹൻലാലിനൊപ്പം സ്ക്രീനിലെത്താൻ ആഗ്രഹിക്കുന്ന അന്യഭാഷാ താരങ്ങളും കുറവല്ല. മോഹൻലാലിന്റെ അഭിനയത്തെ പ്രകീർത്തിച്ച് നിരവധി നായികമാരും രംഗത്ത് വന്നിരുന്നു. മോഹൻലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുന്ന നടിമാരിൽ ഒടുവിലത്തെയാളാണ് ഡിവീന ഠാക്കൂർ.
ബോളിവുഡ് താരമാണെങ്കിലും ഡിവീന ഠാക്കൂർ മലയാള സിനിമകളും കണ്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ മുതൽ യുവതാരങ്ങളായ ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയവരുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. എങ്കിലും ലാലേട്ടനോട് അല്പം ഇഷ്ടം കൂടുതലാണ്. അദ്ദേഹത്തിന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകർഷണവുമാണെന്നു ഡിവീന പറയുന്നു. വീരത്തിലെ കുട്ടിമാണി എന്ന കഥാപാത്രമായാണ് ഡിവീനയെ മലയാളികൾക്ക് പരിചയം. ഷേക്സ്പിയറിന്റെ മാക്ബത്തിനെ വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമാണ് വീരം. ബോളിവുഡ് താരം ഡിവീനയുടെ ആദ്യ മലയാള ചിത്രമാണ് വീരം.
ബോളിവുഡാണ് തട്ടകമെങ്കിലും തനിക്ക് പരിചയമുള്ള ഇടമാണ് മലയാളം. മോഡലിംഗ് രംഗത്തുണ്ടായിരുന്ന കാലത്ത് ധാരാളം മലയാളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ജയരാജിന്റെ ക്ഷണമാണ് എന്നെ മലയാള സിനിമയിലേക്ക് എത്തിച്ചത്. കുട്ടിമാണി എന്ന കഥാപാത്രം തന്നെ വല്ലാതെ ആകർഷിച്ചു. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ശരീര ഘടന ഉള്ളവരെയാണ് ചിത്രത്തിനായി പരിഗണിച്ചിരുന്നത്. അങ്ങനെയാണ് വീരത്തിലേക്ക് എത്തുന്നതെന്നും ഡിവീന പറഞ്ഞു.