മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ യഥാർഥ യുദ്ധടാങ്ക് ഓടിച്ചു മോഹൻലാൽ ചരിത്രം കുറിച്ചിരിക്കുന്നു. അതിന്റെ ത്രില്ലിലാണ് മോഹൻലാലിപ്പോൾ.കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി എന്തു സാഹസവും ചെയ്യാൻ മടിക്കാത്തയാളാണ് മോഹൻലാൽ. ഇത് അദ്ദേഹം നിരവധി തവണ തെളിയിച്ചതുമാണ്. ഇപ്പാേൾ ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ യഥാർഥ യുദ്ധടാങ്ക് ഓടിച്ചാണ് മോഹൻലാൽ ചരിത്രം കുറിച്ചത്. മലയാള സിനിമയിൽത്തന്നെ ഇതാദ്യമായാണ് യഥാർഥ യുദ്ധ ടാങ്ക് ഒരു നടൻ ഓടിക്കുന്നത്.
സിനിമയിൽ യുദ്ധ ടാങ്ക് ഓടിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാൽ. അതേക്കുറിച്ച് താരം തന്നെ പറയുന്നതിങ്ങനെയാണ്, നമ്മുടെ പ്രേക്ഷകർ സിനിമയിൽ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങൾ അധികം കണ്ടിട്ടില്ല. എന്നാൽ ഈ സിനിമയിൽ അത്തരം രംഗങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങളാണ് 1971 ബിയോണ്ട് ബോഡേഴ്സിന്റെ ഏറ്റവും പ്രധാന സവിശേഷത.
പരംവീർ ചക്ര നേടിയ ഹോഷിയാർ സിങ്, അരുണ് ഖെത്രപാൽ എന്നിവരുടെ ഏറെ വൈകാരികമായ സൈനിക ജീവിതകഥയാണ് ഈ സിനിമ പറയുന്നത്. സിനിമയ്ക്കുവേണ്ടി പലതരത്തിലുള്ള വാഹനങ്ങൾ ഓടിക്കുകയും എയർക്രാഫ്റ്റ് പറത്തുകയും ചെയ്തിട്ടുണ്ടെങ്കിലും യുദ്ധ ടാങ്ക് ഓടിച്ചത് അവിസ്മരണീയമായി തോന്നുന്നു. മലയാളം സിനിമാ ചരിത്രത്തിൽ മറ്റൊരു നടനും യുദ്ധ ടാങ്ക് ഓടിച്ചിട്ടുണ്ടാകില്ല എന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ചെയ്യാത്ത ഒരു കാര്യം ആദ്യമായി ചെയ്യുന്പോൾ ഉള്ള ത്രിൽ പറഞ്ഞറിയിക്കാനാകാത്തതാണ്- ചെറിയ പുഞ്ചിരിയോടെ മോഹൻലാൽ പറഞ്ഞു.
ഒരിക്കൽക്കൂടി മഹാദേവൻ എന്ന പട്ടാള ഓഫീസറുടെ വേഷത്തിൽ എത്തുന്ന മോഹൻലാൽ ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. കേണൽ മഹാദേവൻ, 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുത്ത അച്ഛൻ മേജർ സഹദേവൻ എന്നീ വേഷങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലും, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയുടെ ഭാഗമായി കേണൽ മഹാദേവൻ ജോർജിയയിൽ എത്തുന്ന രംഗങ്ങളാണ് അവിടെ ചിത്രീകരിച്ചത്. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.