മോഹന്‍ലാല്‍, പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ മാത്രമല്ല ഹിറ്റായിട്ടുള്ളത്. മറിച്ച്, അവരുടെ സൗഹൃദവും വമ്പന്‍ ഹിറ്റാണ്. പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തില്‍ നിന്ന് പിറന്ന നിരവധി തമാശകളുമുണ്ട്. അതില്‍ പലതും ഇവരില്‍ ആരെങ്കിലും പറഞ്ഞ് മലയാളികള്‍ക്ക് പരിചിതവുമാണ്. അത്തരത്തില്‍ മോഹന്ലാലുംപ്രിയദര്ശനും കൂടി ഒപ്പിച്ച ഒരു തമാശ ഓര്‍ത്തെടുക്കുകയാണ് ഇരുവരുടെയും സുഹൃത്തായ മണിയന് പിള്ള രാജു. മോഹന്‍ലാലിനെ കാറിന്റെ ഡിക്കിയിലാക്കി ഹോട്ടലിലേയ്ക്ക് കാറോടിച്ചുപോയ പ്രിയദര്‍ശന്റെ കഥയാണ് മണിയന് പിള്ള രാജു വെളിപ്പെടുത്തുന്നത്. കടത്തനാടന്‍ അമ്പാടിയുടെ കാലത്തെ മറ്റൊരു ഓര്‍മയുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് പ്രിയന് ഒരു പച്ച ഫിയറ്റ് വാങ്ങുന്നത്. പക്ഷേ, പ്രിയന് വളരെ ആബ്സന്‍ഡ് മൈന്‍ഡഡ് ആണ്. മുറി വെക്കേറ്റ് ചെയ്തു പോകുമ്പോള്‍ പഴ്സും പൈസയും മേശയ്ക്കുള്ളില്‍ കിടക്കും. വണ്ടിയോടിക്കുമ്പോഴും അങ്ങനെതന്നെ.
ഏതെങ്കിലും ഗിയറില്‍ ഓടിച്ചുപോകും. എവിടെയെങ്കിലും നിര്‍ത്തിയാല്‍ താക്കോലെടുക്കാന്‍ മറക്കും. വീണ്ടും ഏതു ഗിയറില്‍ കിടക്കുന്നോ, അതേ ഗിയറില്‍ സ്റ്റാര്‍ട്ടാക്കും. അത്രയ്ക്ക് അശ്രദ്ധയാണ്. അതേസമയം, അഞ്ചാംക്ലാസ്മുതല് കണ്ടിട്ടുള്ള ഓരോ സിനിമയും വള്ളിപുള്ളി വിടാതെ, ഡയലോഗും സീനുകളും കണ്ടിന്യൂയിറ്റിയില്‍ ഓരോ ആളും ധരിച്ചിരുന്ന വസ്ത്രവുംവരെയുണ്ടാകും പ്രിയന്റെ മനസ്സില്‍. കാറിലേക്കു തിരിച്ചുകയറാം. ഞങ്ങള്‍ അന്നു താമസിക്കുന്നത് ആലപ്പുഴ റെയ്ബാന്‍ ഹോട്ടലിലാണ്. ഉദയാ സ്റ്റുഡിയോയില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞു റെയ്ബാനിലേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ പ്രിയന് എന്നോട് പറഞ്ഞു: ‘ഹോട്ടലിലേക്കു നാലു കിലോമീറ്ററുണ്ടല്ലോ. ഇതിന്റെ ഡിക്കിയില്‍ കിടന്നാല്‍ നിനക്കു ഞാന്‍ നൂറു രൂപ തരാം.’ ഞാന്‍ ചെയ്യില്ല. കാരണം എനിക്ക് ഇരുട്ടും കുടുസ്സുമുറിയും പേടിയാണ്. വിമാനത്തില്‍ കയറാന്‍ എനിക്ക് പേടിയില്ല. പക്ഷേ, ലിഫ്റ്റില്‍ കയറിയാല്‍ പേടിയാണ്. ‘നൂറല്ല, ഒരു ലക്ഷം രൂപ തരാമെന്നു പറഞ്ഞാലും എനിക്കു താത്പര്യമില്ല.’ ഞാന്‍ തീര്‍ത്തു പറഞ്ഞു.
അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു. ‘ഞാന്‍ കിടക്കാം.’ ലാല്‍ ഡിക്കിയില്‍ കയറുന്നു. ഡിക്കി അടയ്ക്കുന്നു. റെയ്ബാനിലേക്കു പോകുകയാണ്. റെയ്ബാന്‍ എത്തുന്നതിനു മുന്‍പുള്ള വളവില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട്. വലയിട്ട് മുള്ളുവേലിയൊക്കെയായിട്ട്. വണ്ടി വളഞ്ഞതും പ്രിയന് ആ മുള്ളുവേലിയില്‍ കൊണ്ടുപോയി ഒറ്റയിടി. കുറച്ചു സ്പാര്‍ക്ക് വന്നു. ആലപ്പുഴ മുഴുവന്‍ കറന്റു പോയി. പ്രിയന് ടെന്ഷനില് വണ്ടിയെടുത്തു, നേരേ റെയ്ബാനില്‍ എത്തുന്നു, അവിടെ കൊണ്ടുപോയി വണ്ടി നിര്‍ത്തുന്നു. പെട്ടെന്നാണ് മോഹന്‍ലാലിന്റെ കാര്യം ഓര്‍മിച്ചത്. അപ്പോള്‍ സെക്യൂരിറ്റി ഓടിവന്നു. ഞാന്‍ അയാളോടു പറഞ്ഞു, ഡിക്കിയില്‍ ഒരു സാധനമുണ്ട്, എടുത്തു നൂറ്റിമൂന്നില്‍ കൊണ്ടുപോയി വെക്ക്. അയാള്‍ ഓടിപ്പോയി ഡിക്കി തുറന്നതും ‘ആ’ എന്നു വിളിച്ച് എടുത്തുചാടി. അവന് ‘അയ്യോ’ എന്നു വിളിച്ച് ബോധം കെട്ട് വീണു. മോഹന്‍ലാലിന്റെ കോലം ഒന്നു കാണണമായിരുന്നു. നാലു കിലോമീറ്റര്‍ ദൂരം അതിനുള്ളില്‍ കിടന്ന് ആകെ ഇടിഞ്ഞുപൊളിഞ്ഞ്…. അതിനിടയില്‍ വണ്ടിയുടെ ഇടിയും! നൂറു രൂപയായിരുന്നില്ല, ആ സാഹസികതയിലായിരുന്നു ലാലിന്റെ സന്തോഷം.