ആറ്റിങ്ങല്‍: മുതലപ്പൊഴിയില്‍ ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിനെ കണ്ട് നാട്ടുകാര്‍ ഞെട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മഴ ചൊരിഞ്ഞു. ഷൂട്ടിങ് തുടങ്ങാനാവാതെ ഒടുവില്‍ സൂപ്പര്‍ താരവും സംഘവും മടങ്ങി. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്നതും ലാല്‍ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നതുമായ ’വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിങിനായാണ് മോഹന്‍ലാല്‍ മുതലപ്പൊഴിയില്‍ എത്തിയത്.
അഞ്ചു മിനിട്ട് പോലും ഷൂട്ടിങ് നടത്താന്‍ കോരിച്ചൊരിയുന്ന മഴ കാരണം സംഘത്തിന് സാധിച്ചില്ല. വൈകിട്ട് അഞ്ചുമണിയോടെയാണ് താരം മുതലപ്പൊഴി തീരത്ത് എത്തിയത്. മണല്‍ തീരത്ത് വോളീബോള്‍ കളിക്കുന്ന സീനായിരുന്നു ചിത്രീകരിക്കേണ്ടത്. അപ്രതീക്ഷിതമമായി മലയാളത്തിന്‍െ്റ സൂപ്പര്‍ താരത്തെ മുതലപ്പൊഴിയില്‍ കണ്ടതും യുവാക്കളും നാട്ടുകാരും തീരം ആസ്വദിക്കാനെത്തിയവരും ആവേശഭരിതരായി.
താരത്തെ ഒരു നോക്ക് കാണാന്‍ ജനം തടിച്ചു കൂടി. ചിത്രീകരണത്തിനായി സംഘം എല്ലാ സംവിധാനവും ഒരുക്കിയെങ്കിലും മഴ വിലങ്ങുതടിയായി. കായലും കടലും ചേരുന്ന മുതലപ്പൊഴിയുടെ വശ്യത കണ്ണിലുടക്കിയ സിനിമാസംഘം ഷൂട്ടിങ്ങിനായി ഇവിടം തെരഞ്ഞെടുക്കുകയായിരുന്നു. മുതലപ്പൊഴിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ഇത് ശുഭസൂചകമാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് സഞ്ചാരികളെ നിരാശരാക്കുന്നത്.