കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊന്പ് കേസിൽ വിജിലൻസിന്റെ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. കേസിൽ ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടതിനെതിരേ മോഹൻ ലാൽ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
കൊച്ചിയിലെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊന്പുകൾ കണ്ടെത്തിയത്. പിന്നീട് കേസ് വനം വകുപ്പിനു കൈമാറിയെങ്കിലും കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചെന്നും ഇതു വിജിലൻസ് അന്വേഷിക്കണമെന്നും വ്യക്തമാക്കി എറണാകുളം ഏലൂർ സ്വദേശി പൗലോസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി. 2016 ഒക്ടോബർ 15ന് നടൻ മോഹൻലാൽ, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കെതിരേ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയിലെത്തിയത്.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ, സംസ്ഥാന സർക്കാർ നൽകിയ ലൈസൻസ് അനുസരിച്ചാണ് ആനക്കൊന്പ് കൈവശം വച്ചിരിക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ വിജിലൻസ് കോടതിയുത്തരവ് റദ്ദാക്കണമെന്നുമായിരുന്നു മോഹൻലാലിന്റെ വാദം. ഈ വാദം കോടതി അംഗീകരിക്കകയായിരുന്നു.