മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന മലയാളികള്‍ക്ക് പറഞ്ഞറിയിക്കാനാവാത്തതാണ്. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ അഭിനയ മികവും തന്നെയാണ് മോഹന്‍ലാലിനെ ഒരു ബ്രാന്‍ഡ് ലെവലിലെത്തിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെ അഭിനയലോകത്തേയ്ക്ക് ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കടന്നുവരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടുമിരിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യാണത്. ‘Some lies can be deadly’ എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഇമോഷണല്‍ ത്രില്ലറാണെന്നാണ് ജീത്തു ജോസഫിന്റെ വിശദീകരണം. കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ബംഗളൂരുവിലാണ്.
നായകനാവുന്നതിന് മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ രണ്ട് ജീത്തു ജോസഫ് ചിത്രങ്ങളില്‍ പ്രണവ് സംവിധാന സഹായിയായിട്ടുണ്ട്. ഇപ്പോള്‍ കാമറയ്ക്ക് മുന്നില്‍ ഒരു അഭിനേതാവാകുമ്പോള്‍ മോഹന്‍ലാലുമായി ഏതെങ്കിലും തരത്തിലുള്ള സാമ്യമുണ്ടോ പ്രണവിന്? അത്തരമൊരു താരതമ്യം നടത്തിയിട്ടുണ്ടോ? ഏതൊരു മോഹന്‍ലാല്‍ ആരാധകനും തോന്നാവുന്ന സംശയം ഒരു വാരിക ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ഇരുവര്‍ക്കുമിടയില്‍ ഒരു താരതമ്യം പാടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഓരോ അഭിനേതാവിനും ഓരോ പ്രത്യേകതകളല്ലേ. അത്തരമൊരു താരതമ്യം ഒരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒന്നുകില്‍ ബുദ്ധിയില്ലാത്തവരാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. അല്ലെങ്കിലും എന്തിനാണ് ഒരഭിനേതാവിനെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത്? ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നതും വെവ്വേറെ രീതികളിലാണ്. അത് മമ്മൂട്ടിയായാലും മോഹന്‍ലാലായാലും സുകുമാരനായാലും ദുല്‍ഖറായാലും പൃഥ്വിരാജായാലും ഇനി പ്രണവ് ആയാലും അങ്ങനെതന്നെ ആയിരിക്കും’. ജിത്തു പറയുന്നു.